
നടിയെ ആക്രമിച്ച കേസിൽ താൻ മൊഴി മാറ്റി പറഞ്ഞിട്ടില്ലെന്ന് അമ്മ സംഘടന ജനറൽ സെക്രട്ടറി ഇടവേള ബാബു. പൊലീസ് തന്റെ മൊഴി ആപൂർണമായിട്ടായിരുന്നു രേഖപ്പെടുത്തിയിരുന്നതെന്നും, പറയാത്ത കാര്യങ്ങൾ വന്നെന്നും അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
'പൊലീസ് മൊഴി ഒപ്പിടീച്ച് വാങ്ങിയിട്ടില്ല. ഒപ്പിടണ്ടേ എന്ന് ചോദിച്ചപ്പോൾ വേണ്ട എന്നായിരുന്നു മറുപടി. സ്വാഭാവികമായ തിരുത്താണ് കോടതിയിൽ നടത്തിയത്.'-അദ്ദേഹം പറഞ്ഞു. കേസിന്റെ തുടക്കം മുതൽ സംഘടന നടിയെ പിന്തുണച്ചിട്ടുണ്ടെന്നും ഇടവേള ബാബു കൂട്ടിച്ചേർത്തു.
അതേസമയം, ദിലീപ് തന്റെ അവസരങ്ങൾ തട്ടിക്കളയുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടിരുന്നോ എന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന് 'എനിക്ക് രേഖാമൂലം പരാതി കിട്ടിയില്ല' എന്നാണ് ഇടവേള ബാബു പറഞ്ഞത്. എന്നാൽ വ്യക്തിപരമായി വാക്കാൽ പരാതി പറഞ്ഞിരുന്നോ എന്ന ചോദ്യത്തിന് 'അതല്ല അതിനപ്പുറത്തെ കാര്യങ്ങളും പറഞ്ഞിട്ടുണ്ടാകും. അതൊക്കെ എനിക്ക് പറയാൻ പറ്റുമോ?ഞങ്ങൾ തമ്മിൽ പറഞ്ഞ കാര്യം നാട്ടുകാർക്ക് എങ്ങനെ അറിയാം,ഞങ്ങൾക്കല്ലേ അറിയൂ'-എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.