cliff

തിരുവനന്തപുരം: യു.എ.ഇ കോൺസൽ ജനറൽ 2017ൽ മുഖ്യമന്ത്രി പിണറായി വിജയനുമായി ഔദ്യോഗിക വസതിയായ ക്ളിഫ് ഹൗസിൽ സ്വകാര്യ കൂടിക്കാഴ്ച നടത്തിയെന്ന സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് നൽകിയ മൊഴി മുഖവിലയ്ക്കെടുക്കാതെ എൻഫോഴ്സ്‌മെന്റ്. സ്വപ്‌നയുടെ വെളിപ്പെടുത്തലിന്റെ നിജസ്ഥിതി സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താൻ ഇ.ഡി തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ക്ലിഫ് ഹൗസിലെ സന്ദർശക രജിസ്റ്റർ ഇ.ഡി പരിശോധിക്കും. ഇതിലൂടെ സ്വപ്‌നയുടെ മൊഴികളുടെ സത്യാവസ്ഥ വെളിപ്പെടുത്താനാകുകയുള്ളൂ. ഈ കൂടിക്കാഴ്ചയിലാണ് യു.എ.ഇ കോൺസുലേറ്റും കേരള സർക്കാരും തമ്മിലുള്ള ആശയവിനിമയങ്ങൾക്ക് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെ ചുമതലപ്പെടുത്തിയ വിവരം അനൗദ്യോഗികമായി അറിയി​ച്ചതെന്ന് സ്വപ്‌ന മൊഴി നൽകിയിരുന്നു.

സ്‌പേസ് പാർക്കിലെ ജോലി ഒഴിവ് സംബന്ധിച്ച് തന്നെ അറിയിച്ചത് ശിവശങ്കറാണെന്നും തന്റെ നിയമനം മുഖ്യമന്ത്രി അറിഞ്ഞുതന്നെ ആയിരുന്നെന്നും സ്വപ്‌ന ഇ.ഡിക്ക് മൊഴി നൽകിയിട്ടുണ്ട്. എന്നാൽ, സ്വപ്നയുടെ ഈ മൊഴി മുഖ്യമന്ത്രി നിഷേധിച്ചിരുന്നു. സ്വപ്‌നയുടെ നിയമനം താൻ അറിയേണ്ടതില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. സ്വപ്‌നയുടെ അവകാശവാദം മുഖ്യമന്ത്രി നിഷേധിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി ബന്ധപ്പെട്ട സ്വപ്നയുടെ മൊഴികളുടെ വിശ്വാസ്യത പരിശോധിക്കേണ്ടത് ആവശ്യമാണെന്ന് അന്വേഷണ സംഘം കരുതുന്നു.

കോൺസൽ ജനറലിന്റെ സന്ദർശനത്തിനിടെ സംസ്ഥാന സർക്കാരും യു.എ.ഇ കോൺസുലേറ്റും തമ്മിലുള്ള കണ്ണി എം.ശിവശങ്കർ ആയിരിക്കുമെന്നു മുഖ്യമന്ത്രി അനൗദ്യോഗികമായി അറിയിച്ചെന്നും സ്വപ്‌ന അവകാശപ്പെടുന്നുണ്ട്.

കോൺസുലേറ്റുമായി ബന്ധപ്പെട്ട എല്ലാ ആവശ്യങ്ങൾക്കും ശിവശങ്കർ കോൺസുൽ ജനറലിന്റെ സെക്രട്ടറിയെന്ന നിലയിൽ തന്നെ വിളിക്കുമായിരുന്നു. കോൺസുലേറ്റുമായി ബന്ധപ്പെട്ട ഔദ്യോഗിക കാര്യങ്ങൾക്ക് താനും അദ്ദേഹത്തെ വിളിക്കുമായിരുന്നു. അങ്ങനെയാണ് തങ്ങളുടെ ബന്ധം ദൃഢമായതെന്നും കോൺസുലേറ്റും സർക്കാരും തമ്മിലുള്ള ചർച്ചയിലാണ് ശിവശങ്കറിനെ കാണുന്നതെന്നും സ്വപ്‌ന വെളിപ്പെടുത്തിയിട്ടുണ്ട്.