
കൊച്ചി :കൊവിഡ് പ്രതിസന്ധിയ്ക്കിടയിൽ വാടക മുടങ്ങിയതിന്റെ പേരിൽ സംരഭകയെ കെട്ടിട ഉടമ ഇറക്കിവിടാൻ ശ്രമിക്കുന്നതായി പരാതി. എറണാകുളം കലൂരിൽ 'പപ്പടവട' എന്ന ഹോട്ടൽ നടത്തിയിരുന്ന മിനു പോളിനാണ് പരാതിക്കാരി.എന്നാൽ കൊവിഡ് വ്യാപനത്തിന് മുമ്പ് തന്നെ വാടക കാലാവധി കഴിഞ്ഞിരുന്നെന്നും, അത് പുതുക്കിയില്ലെന്നുമാണ് കെട്ടിട ഉടമ നൽകുന്ന വിശദീകരണം.
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഹോട്ടൽ അടച്ചുപൂട്ടിയിരുന്നതിനാൽ വാടക നൽകാനായില്ലെന്നും, വാടകയിൽ ഇളവ് ആവശ്യപ്പെട്ടുകൊണ്ടുള്ള ചർച്ചകൾ തുടരുന്നതിനിടെ കടയ്ക്ക് മുന്നിൽ മെറ്റിൽ ഇറക്കിയശേഷം സാധനങ്ങൾ ഉടമ കടത്തിക്കൊണ്ടപോയെന്നുമാണ് മിനു പരാതിയിൽ പറയുന്നത്.
മിനുവും സുഹൃത്തുക്കളുമുൾപ്പെടുന്ന കമ്പനിയുടെ പേരിലാണ് കെട്ടിടം വാടകയ്‌ക്കെടുത്തതെന്നും, കമ്പനി പ്രവർത്തനം അവസാനിപ്പിച്ചതിനാൽ വാടകക്കരാർ പുതുക്കുന്നില്ലെന്ന് അറിയിച്ചിരുന്നെന്നും ഉടമ വ്യക്തമാക്കി.വാടകയിനത്തിൽ മാത്രം ഏഴു ലക്ഷത്തി ഇരുപതിനായിരം രൂപയും,വൈദ്യുതി ചാർജിനത്തിൽ ഒരു ലക്ഷം രൂപയും കുടിശിക ഉണ്ടെന്നും, അറ്റകുറ്റപ്പണി നടത്താൻ ഒരുങ്ങിയപ്പോൾ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണെന്നും കാണിച്ച് കെട്ടിട ഉടമ ഇന്ദു ജയരാജും പരാതി നൽകിയിട്ടുണ്ട്.