india-covid

ന്യൂഡൽഹി: രാജ്യത്ത് ഇന്നും പ്രതിദിന കൊവിഡ് നിരക്കിൽ കുറവ് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 66,732 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗം ബാധിച്ചവരുടെ എണ്ണം 7,120,538 ആയി. മരണനിരക്കും കുത്തനെ കുറഞ്ഞിട്ടുണ്ട്. 816 പേരാണ് 24 മണിക്കൂറിനിടെ മരണമടഞ്ഞത്. തുടർച്ചയായി ഒൻപതാം ദിവസമാണ് മരണനിരക്ക് കുറയുന്നത്. രാജ്യത്തെ പ്രതിദിന മരണനിരക്ക് കൂടുതലും 10 സംസ്ഥാനങ്ങളിൽ നിന്നാണ്. അവയിൽ 308 പേർ മരണമടഞ്ഞ മഹാരാഷ്ട്രയിലാണ് ഇന്നലെ ഏറ്റവും കൂടുതൽ. ഇതുവരെ 1,09,150 പേർ രോഗം ബാധിച്ച് ഇന്ത്യയിൽ മരണമടഞ്ഞു.

രാജ്യത്തെ ആക്ടീവ് കേസുകളിലും കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. 8,61,853 ആണ് നിലവിലെ ആക്ടീവ് കേസുകൾ. 61,49,535 പേർ രോഗമുക്തി നേടിയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് 10 ലക്ഷം രോഗികളിൽ നിന്ന് 20 ലക്ഷത്തിലേക്ക് എത്താൻ 21 ദിവസമാണ് വേണ്ടിയിരുന്നത്. പിന്നീട് 30 ലക്ഷമാകാൻ 16 ദിവസവും 40 ലക്ഷമാകാൻ 13 ദിവസവും 50 ലക്ഷം എത്താൻ 11 ദിവസവും 60 ലക്ഷം എത്താൻ 12 ദിവസം എടുത്തു.

രാജ്യത്ത് ആദ്യ ഒരു ലക്ഷം രോഗികളിൽ എത്താൻ 110 ദിവസമാണ് എടുത്തത്. തുടർന്ന് 10 ലക്ഷം എത്താൻ 59 ദിവസവും. കൊവിഡ് മരണ റേറ്റ് 1.54 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഐ.സി.എം.ആർ നൽകുന്ന കണക്കനുസരിച്ച് ഒക്ടോബർ 10 വരെ 8,​68,​77,​242 സാമ്പിളുകൾ പരിശോധിച്ചു. ശനിയാഴ്‌ച പരിശോധിച്ചത് 10,​78,​544 സാമ്പിളുകളാണ്.