upi-payment

 2015-16 മുതൽ പ്രതിവർഷ വളർച്ച ശരാശരി 55.1%

മുംബയ്: കറൻസിരഹിത സമ്പദ്‌വ്യവസ്ഥയാകാൻ ഇന്ത്യ മികച്ച മുന്നേറ്റം തുടരുന്നതായി റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. 2015-16 മുതൽ 2019-20 വരെയുള്ള കാലയളവിൽ ഡിജിറ്റൽ പേമെന്റുകളിലുണ്ടായ ശരാശരി വാർഷിക വളർച്ച 55.1 ശതമാനമാണ്. ഇടപാടുകളുടെ എണ്ണം 2016 മാർച്ചിലെ 593.61 കോടിയിൽ നിന്നുയർന്ന് 2020 മാർച്ചിൽ 3,434.56 കോടിയിലുമെത്തി.

ഇടപാടുമൂല്യം ശരാശരി 15.2 ശതമാനം വാർഷിക വളർച്ചയോടെ 920.38 ലക്ഷം കോടി രൂപയിൽ നിന്ന് 1623.05 കോടി രൂപയുമായിട്ടുണ്ട്. ദശാബ്‌ദത്തിന് മുമ്പ് പരിമിതമായുള്ള എൻ.ഇ.എഫ്.ടി., ആർ.ടി.ജി.എസ്, ഇ.സി.എസ് പേമെന്റ്‌സ് എന്നീ ഇലക്‌ട്രോണിക് സേവനങ്ങൾ മാത്രമുണ്ടായിരുന്ന കാലത്തുനിന്ന്, നോട്ട് അസാധുവാക്കലിന് ശേഷം യു.പി.ഐ അധിഷ്ഠിത മാർഗങ്ങളിലുണ്ടായ വർദ്ധനയാണ് ഡിജിറ്റൽ പേമെന്റുകളുടെ മുന്നേറ്റത്തിന് വഴിവച്ചത്.

കാർഡിലും കുതിപ്പ്

ഉത്പന്നങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ കാർഡിലൂടെ പണമടയ്ക്കുന്ന പ്രവണതയും കൂടിയിട്ടുണ്ട്. 2015-16ൽ മൊത്തം പണമിടപാടിന്റെ 20 ശതമാനമായിരുന്നു കാർഡിന്റെ പങ്ക്. 2019-20ൽ ഇത് 45 ശതമാനമാണ്. ക്രെഡിറ്റ് കാർഡിനേക്കാൾ പ്രിയം ഡെബിറ്റ് കാർഡിനോടാണ്.

ഡിജിറ്റൽ വളർച്ച

 2016-17ൽ ഡിജിറ്റൽ പേമെന്റുകളുടെ എണ്ണം മുൻ വർഷത്തെ 593.61 കോടി രൂപയിൽ നിന്നുയർന്ന് 969.12 കോടിയിലെത്തി; മൂല്യം 1,120.99 ലക്ഷം കോടി രൂപ.

 2017-18ൽ എണ്ണം 1,459.01 കോടി; മൂല്യം 1,369.86 ലക്ഷം കോടി രൂപ.

 2018-19ൽ എണ്ണം 2,343.40 കോടി. മൂല്യം 1,638.52 ലക്ഷം കോടി രൂപ.

 2019-20ൽ മൂല്യം 1,623.05 ലക്ഷം കോടി രൂപയായി കുറഞ്ഞെങ്കിലും എണ്ണം 3,434.56 കോടിയായി കുതിച്ചു.