
തിരുവനന്തപുരം: എല്ലാ അഴിമതിയുടെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസ് ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്വപ്‌ന സുരേഷിന്റെ നിയമനം അടക്കമുളള എല്ലാ കാര്യങ്ങളും മുഖ്യമന്ത്രിക്ക് അറിയാമെന്ന് വ്യക്തമായെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സ്പീക്ക് അപ് കേരള സത്യാഗ്രഹം നാലാം ഘട്ടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ക്ലിഫ് ഹൗസിൽ ഇടിവെട്ടി സി.സി.ടി.വി അടിച്ചുപോയെന്ന് മുഖ്യമന്ത്രി പറഞ്ഞത് മുൻകൂർ ജാമ്യമാണെന്നും ചെന്നിത്തല ആരോപിച്ചു. ആറ് തവണ സ്വപ്‌ന സുരേഷ് എന്തിന് കണ്ടുവെന്നും അതിന്റെ കാരണം എന്താണെന്നും മുഖ്യമന്ത്രി പറയണം. അവരുടെ നിയമനം അറിഞ്ഞില്ലായെന്ന് പറഞ്ഞ് വീണ്ടും വന്നിരിക്കുകയാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന്റെ കീഴിലുള്ള സ്‌പെയ്‌സ് പാർക്കിൽ ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപയുടെ ശമ്പളം വാങ്ങുന്ന ഉന്നതമായൊരു സ്ഥാനത്തേക്ക് നിയമനം നടക്കുമ്പോൾ മുഖ്യമന്ത്രി അറിയില്ലേയെന്നും ചെന്നിത്തല ചോദിച്ചു. ഇതൊന്നും പ്രതിരോധിക്കാൻ കഴിയാത്തത് കാരണമാണ് ചാനൽ ചർച്ചകളിൽ നിന്ന് വിട്ടുനിൽക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.
സർക്കാരും കോൺസുലേറ്റുമായുള്ള ആശയവിനിമയത്തിന് ശിവശങ്കറിനെ ബന്ധപ്പെടാൻ നിർദേശിച്ചത് മുഖ്യമന്ത്രിയാണെന്ന് സ്വപ്ന എൻഫോഴ്‌സ്മെന്റ് ഡറക്ടറേറ്റിനോട് വെളിപ്പെടുത്തിയിരുന്നു. കോൺസുലേറ്റിലെ ജോലി കാലം മുതൽ മുഖ്യമന്ത്രിക്ക് തന്നെ അറിയാമെന്ന് പറയുന്ന സ്വപ്നയുടെ മൊഴി പകർപ്പും പുറത്തുവന്നിരുന്നു.