
തിരുവനന്തപുരം:സംസ്ഥാനത്ത് കൊവിഡ് വ്യാപനം ശമിച്ച ശേഷം സ്കൂളുകൾ തുറക്കുമ്പോൾ, ഓൺലൈനായി പഠിച്ച പാഠഭാഗങ്ങളിൽ സംശയ നിവാരണവും കൂടുതൽ വ്യക്തതയും വരുത്തുന്നതിന് രണ്ട് ഷിഫ്റ്റായി പ്രതിദിനം 100 കുട്ടികളെ വീതം പ്രവേശിപ്പിച്ചേക്കും.
ആദ്യഘട്ടത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു ക്ലാസുകളിലെ 25 വീതം 50 കുട്ടികൾ രാവിലെയും 50പേർ ഉച്ചയ്ക്ക് ശേഷവും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്കൂളിലെത്തണം. ഒരു കുട്ടി മൂന്നു മണിക്കൂറിൽ കൂടുതൽ സ്കൂളിൽ ചെലവഴിക്കരുതെന്നും വിദഗ്ദ്ധസമിതി ശുപാർശ ചെയ്യുമെന്നറിയുന്നു.
എസ്.സി.ഇ.ആർ.ടി ഡയറക്ടർ ഡോ.ജെ.പ്രസാദ് അദ്ധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് ഉടൻ പൊതുവിദ്യാഭ്യാസ മന്ത്രിക്ക് സമർപ്പിക്കും. രണ്ടാം ഘട്ടത്തിൽ ഒമ്പത്, പ്ലസ് വൺ ക്ലാസുകാർക്കും, തുടർന്ന് എട്ട് മുതൽ താഴോട്ടുള്ള
ക്ലാസുകാർക്കും സ്കൂളിലെത്താം. വാട്സ് ആപ് ഗ്രൂപ്പുവഴിയോ,മൊബൈൽ ഫോൺ വഴിയോ അദ്ധ്യാപകർ ഓൺലൈൻ ക്ലാസില്ലാത്ത സമയങ്ങളിൽ കുട്ടികളെ ബന്ധപ്പെട്ട് സംശയങ്ങൾ തീർക്കണം. എല്ലാ അദ്ധ്യാപകരും ആഴ്ചയിൽ ഒരു ദിവസം യോഗം ചേർന്ന് ഇക്കാര്യം ചർച്ച ചെയ്യണം. ഒമ്പത് മുതൽ പ്ലസ് ടു വരെ ക്ലാസുകാരുടെ സംശയ നിവാരണത്തിന് ഈ മാസം 15 മുതൽ സ്കൂളുകൾ തുറക്കുന്ന കാര്യം സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്ന് കേന്ദ്ര നിർദ്ദേശമുണ്ടെങ്കിലും, കേരളത്തിൽ ജനുവരി വരെയെങ്കിലും കാത്തിരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തൽ. ഏപ്രിൽ വരെ ഞായറാഴ്ച ദിവസങ്ങളിലൊഴികെ പഠനവും, മേയിൽ വാർഷിക പരീക്ഷകളും നടത്തേണ്ടിവന്നേക്കും.
സ്കൂൾ തുറക്കൽ ഉടനില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാൻ വൈകുമെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി. കുറച്ച് കൂടി കാത്തിരിക്കേണ്ടതുണ്ട്. അതുവരെ പഠനം ഓൺലൈനായി വേണ്ടി വരും. സമ്പൂർണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
നിലവിൽ മികച്ച രീതിയിലാണ് ഓൺലൈൻ ക്ലാസുകൾ നടക്കുന്നത്. എന്നാൽ ക്ലാസ് മുറികളിലെ പഠനത്തിന് ബദലല്ല ഓൺലൈൻ പഠനം. സാഹചര്യം അനുകൂലമാകുന്ന വേളയിൽ ക്ലാസ് മുറി പഠനം ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
വിശദ വാർത്ത: പേജ് 5
.