രണ്ടാം നാൾ എന്ന ചിത്രത്തിലൂടെ സീനത്ത് സംവിധായികയായി

അഭിനയത്തിൽനിന്ന് ഇടവേളയെടുക്കാതെയാണ് സീനത്ത് ആദ്യമായി രചനയും സംവിധാനവും നിർവഹിക്കുന്ന രണ്ടാം നാൾ എന്ന ചിത്രത്തിന്റെ ജോലികൾ പൂർത്തിയാക്കിയത്. നിലമ്പൂർ കരുവാരകുണ്ടാണ് ചിത്രത്തിന്റെ ലോക്കേഷൻ.ഇവിടെ ഇതിനു മുൻപ് സിനിമ ചിത്രീകരിച്ചിട്ടില്ല. 16 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയായി.  സീനത്തിന്റെ മൂത്ത മകൻ ജിതിൻ, അജയ് മാത്യു, ഡിപുൽ മാർത്തോ എന്നിവരാണ് നായകൻമാർ. പുതുമുഖം ശ്രീലക് ഷമി നായിക. ഫാമിലി ത്രില്ലറായ 'രണ്ടാം നാൾ" എ. വി എ പ്രൊഡ ക് ഷൻസിന്റെ ബാനറിൽ ഡോ. എ.വി. അനൂപ് നിർമ്മിക്കുന്നു.സീനത്തിന്റെ ചെറുമക്കളും അഭിനയിക്കുന്നുണ്ട്.
സീനത്ത് എന്ന നടി ആരുടെയും  ശിഷ്യത്വമില്ലാതെ സംവിധായികയായി ?
സംവിധാനം ഒരു ചെറിയ കാര്യമല്ലെന്ന് അറിയാം.ആരുടെയും ശിഷ്യത്വം ലഭിച്ചില്ല . എന്നാൽ മലയാളത്തിലെ പ്രതിഭാധനരായ നിരവധി സംവിധായകരുടെ കൂടെ ജോലി ചെയ്യാൻ അവസരം ലഭിച്ചിട്ടുണ്ട്. അവരുടെയൊക്കെ സംവിധാന ശൈലി നോക്കി കണ്ടു .പഠിക്കാൻ ഇനിയും ഒരു പാടുണ്ട്. എല്ലാം പഠിച്ചിരുന്നെങ്കിൽ ഒരുപക്ഷേ സംവിധാനം ചെയ്യാൻ ധൈര്യം ഉണ്ടാകുമായിരുന്നില്ല .ആ അറിവ് കുറവാണ് എന്നിലെ സംവിധായിക. സംവിധാനം എന്നത് ആഗ്രഹം മാത്രമല്ല, ലക്ഷ്യവും സ്വപ്നവുമായിരുന്നു. അതു സംഭവിച്ചു. 'രണ്ടാം നാൾ" വിജയിച്ചാൽ ആ വിജയം എന്റെ മാത്രമല്ല 35 പേരടങ്ങുന്ന ഞങ്ങളുടെ ടീമിന് അവകാശപ്പെട്ടതാണ്.അതിൽ ജോലി ചെയ്ത എല്ലാവരും ആത്മാർത്ഥമായി കൂടെ നിന്നു.എന്റെ തിരക്കഥയിലാണ് ആദ്യ സിനിമ. അതുകൊണ്ട് കൂടിയാണ് സംവിധാനം ചെയ്യാൻ ഇത്ര ധൈര്യം കാണിച്ചതെന്ന് തോന്നുന്നു.
മകന്റെയും പേരക്കുട്ടികളുടെയും  അഭിനയം എങ്ങനെയുണ്ടായിരുന്നു ?
പ്രതീക്ഷിച്ചതിലും കൂടുതൽ അവർ തന്നു.മകൻ ജിതിൻ നല്ല പ്രകടനം കാഴ്ചവച്ചു. ആദ്യമാണ് അഭിനയിക്കുന്നത്. ജിതിൻ ഖത്തറിൽ ഗ്രാഫിക് ആർട്ടിസ്റ്റാണ്.  സിനിമയ്ക്ക് തിരക്കഥ എഴുതാനുള്ള ഒരുക്കത്തിലാണ്. പേരക്കുട്ടികളായ ഹാദിയും ദിയയും ഞാൻ പറയുന്നതുപോലെ ചെയ്തു. അവരെ അഭിനയിപ്പിക്കാൻ എനിക്ക് ഇഷ്ടമാണ്.ഹാദി യു. കെ. ജിയിലും ദിയ പ്ളേ സ്കൂളിലും. ഷോട്ട് എടുക്കുമ്പോൾ ദിയ പറയും, ആക് ഷൻ പറ എന്നാ അഭിനയിക്കാമെന്ന്. ഞാനും അഭിനയിച്ചിട്ടുണ്ട്.ഇളയ മകൻ നിതിൻ പ്രോത്സാഹനവുമായി ലൊക്കേഷനിൽ ഉണ്ടായിരുന്നു.നിതിനും സുഹൃത്തുക്കളും ചേർന്ന് ചെറിയ ബഡ്ജറ്റിൽ എടുത്ത മറാത്തി സിനിമ മികച്ച വിജയം നേടി.
സംവിധായികയായതിനാൽ ഇനി അഭിനയിക്കാൻ സംവിധായകർ വിളിക്കുമോ?
എന്തു കൊണ്ടു വിളിക്കാതിരിക്കണം? ഒരു നടനോ നടിയോ സിനിമ സംവിധാനം ചെയ്യുന്നത് നല്ല കാര്യമല്ലേ? ഒരിക്കലെങ്കിലും ആ കുപ്പായം ഒന്ന് ഇട്ടുനോക്കണം. കഴിയുമെങ്കിൽ ഒരു പ്രാവശ്യം നിർമ്മാതാവുകയും വേണം. എനിക്ക് പണ്ട് പല കാര്യത്തിനും വാശി കൂടുതലായിരുന്നു. ഞാൻ ഒരു സീരിയൽ നിർമ്മിച്ചു. അതോടെ സ്വഭാവത്തിൽ വലിയ മാറ്റം വന്നു. പല കാര്യങ്ങളും മനസിലായി . ഒരു നിർമ്മാതാവിന്റെ ഗതികേട് അറിയാൻ സാധിച്ചു. സംവിധാനം ചെയ്യുക എന്നുവച്ച് ഞാൻ മാറി നിന്നില്ല. രണ്ടാംനാളിൽ ജാനകി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു.