
പകരം വയ്ക്കാനില്ലാത്ത പാട്ടുകൾക്ക് ജീവൻ പകർന്ന പ്രിയഗായകനാണ് ഉണ്ണിമേനോൻ. പ്രണയത്തിന്റെയും വിരഹത്തിന്റെയും ആത്മാവിലോളം ആഴത്തിലെത്തുന്ന ഗാനങ്ങളാണ് ഈ ഗായകന്റെ പ്രത്യേകത. എസ്.പി.ബി, റഹ്മാൻ, പ്രിയപാട്ടുകൾ. ഉണ്ണിമേനോൻ മനസുതുറക്കുന്നു...
ഉണ്ണിമേനോൻ എന്ന ഗായകനെ കുറിച്ചോർക്കുന്ന മാത്രയിൽ സംഗീത പ്രേമികളുടെ മനസിൽ ഒരുപിടി ഗാനങ്ങൾ വന്ന് നിറയും. എല്ലാം പ്രണയം തുളുമ്പുന്ന, പകരം വയ്ക്കാനില്ലാത്ത ഹിറ്റുകൾ. 38 വർഷത്തെ സംഗീത യാത്രയ്ക്കിടയിൽ എ.ആർ. റഹ്മാൻ, ഇളയരാജ തുടങ്ങിയ ഇതിഹാസങ്ങളുടെ പ്രിയഗായകനായി ഉണ്ണി മേനോൻ മാറി. ഒരുനിയോഗം പോലെ തന്നിലേക്കുവന്ന സംഗീതത്തെയും ജീവിതാനുഭവങ്ങളെയും ഉണ്ണി മേനോൻ ഓർത്തെടുക്കുന്നു.
ലോക്ക് ഡൗൺ കാലത്തെ വിശേഷത്തിൽ നിന്നു തുടങ്ങാം?
ലോക്ക് ഡൗൺ പ്രഖ്യാപിച്ചത് മാർച്ചിലായിരുന്നല്ലോ. ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടായെങ്കിലും കുറച്ചുകാലമായി ഞാൻ ആഗ്രഹിച്ചിരുന്ന ഒരു കാര്യം നടന്നു. തല ഒന്ന് മൊട്ടയടിച്ചു. പലരും വിളിച്ച് ചീത്ത പറഞ്ഞെങ്കിലും രസകരമായ അനുഭവമായിരുന്നു ലോക്ക്ഡൗണിലെ മൊട്ടയടി. ധാരാളം പുസ്തകങ്ങൾ വായിക്കാൻ പറ്റി എന്നതാണ് മറ്റൊരു സന്തോഷം. റോണ്ടെ ബ്രേണിന്റെ ദി സീക്രട്ട്, ബെന്യാമിന്റെ ആടുജീവിതം, വി കെ എന്നിന്റെ പിതാമഹൻ അങ്ങനെ നല്ല ഒരുപാട് പുസ്തകങ്ങൾ വായിച്ചു.
ആലാപിച്ച ഗാനങ്ങളിൽ മിക്കതും പ്രണയാർദ്രമാണ്. ശാരീരത്തിലെ പ്രണയം മനസിലും  അതേപോലെ സൂക്ഷിക്കുന്ന ആളാണോ ഉണ്ണി മേനോൻ?
തീർച്ചയായും. ഏതൊരു റെക്കോഡിംഗിന് പോയാലും ആ ഗാനത്തോട് അതിയായ ഭാവുകത്വം തോന്നാറുണ്ട്. എന്റെ ഭാഗത്തു നിന്നും എത്രത്തോളം ആ പാട്ടിനെ നന്നാക്കാം എന്നായിരിക്കും ചിന്ത. 38 വർഷമായി പാടുന്നു. ഇപ്പോഴും ഏതൊരു ഗാനം എന്നിലേക്ക് വന്നാലും, അതിനോട് കടുത്ത പ്രണയം തന്നെയാണ്.
എ. ആർ റഹ്മാനോടൊപ്പം 26 പാട്ടുകൾ?
അർജുനൻ മാഷിനും ജോൺസൺ മാഷിനുമൊപ്പമുള്ള റെക്കോഡിംഗ് വേളയിലാണ് റഹ്മാനെ ആദ്യമായി കാണുന്നത്. ആരോടും അധികം സംസാരമില്ല; ഒരു ചിരിയിൽ  ഒതുങ്ങും പെരുമാറ്റം. ആർ.കെ ശേഖറിന്റെ  മകനാണ്, ഭയങ്കര ജീനിയസാണ് എന്നൊക്കെ അന്നേ പലരും പറഞ്ഞിട്ടുണ്ട്. പിന്നീട് കുറച്ചു വർഷങ്ങൾ കഴിഞ്ഞായിരുന്നു  'റോജ"യിലേക്കുള്ള ക്ഷണം.
രാത്രിയിലാണല്ലോ മിക്ക  റഹ്മാൻ ഹിറ്റുകളും പിറന്നത്?
റഹ്മാനെ രാത്രീന്ദിരൻ എന്നു വിശേഷിപ്പിക്കാം. പകൽ കിടന്നുറങ്ങുകയും, രാത്രിയിൽ ജോലി ചെയ്യാനുമാണ് അദ്ദേഹത്തിന് ഇഷ്ടം. രാത്രിയുടെ ഏകാന്തത ഒരുപാട് ഇഷ്ടപ്പെടുന്ന ആളാണ് എ. ആർ റഹ്മാൻ. രാത്രി 12 മണിക്കാണ് റോജയിലെ പുതുവെളൈമഴൈ പാടിയത്. ' എന്ന വിലൈ അഴകേ' പാടുന്ന സമയത്ത് എനിക്ക് ശബ്ദം കുറച്ചു പ്രശ്നമായി നിൽക്കുകയായിരുന്നു. പക്ഷേ റഹ്മാൻ പൂർണ പിന്തുണ നൽകി പാടിച്ചു.
റഹ്മാൻ എന്ന വ്യക്തിയിൽ കണ്ട പ്രത്യേകത?
പ്രായത്തിൽ ഒരുപാട് വ്യത്യാസമുണ്ടെങ്കിലും റഹ്മാനിൽ നിന്ന് വളരെയേറെ നല്ല കാര്യങ്ങൾ ഞാൻ പഠിച്ചിട്ടുണ്ട്. സ്വന്തം ജോലിയിൽ ശ്രദ്ധ നൽകുക എന്നതല്ലാതെ മറ്റൊന്നിലേക്കും റഹ്മാന്റെ ചിന്തകൾ പോകാറില്ല. താൻ ഒരു മഹാ സംഭവമാണെന്ന ചിന്ത വാക്കിലോ പ്രവർത്തിയിലോ അദ്ദേഹം ആരുടെ മുമ്പിലും കാണിച്ചിട്ടില്ല. സംഗീതത്തിന്റെ കാര്യത്തിൽ പത്തു വർഷം മുന്നോട്ടു സഞ്ചരിക്കുന്നയാളാണ് എ.ആർ റഹ്മാൻ. ഇന്റർനാഷണൽ സ്റ്റാൻഡേർഡിലേക്ക് തെന്നിന്ത്യൻ സംഗീതത്തെ ഉയർത്തി കൊണ്ടു വന്നതിൽ റഹ്മാനുള്ള പങ്ക് വളരെ വലുതാണ്. സംഗീതവും ടെക്നോളജിയും ഒരു പോലെ കൈകാര്യം ചെയ്യുന്നതിലെ കഴിവാണ് അദ്ദേഹത്തെ ഇത്രയും ഉയരങ്ങളിൽ എത്തിച്ചത്. റഹ്മാൻ  ആരോടെങ്കിലും ദേഷ്യപ്പെടുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ മെഡിറ്റേഷൻ പവർ തന്നെയാകാം അതിനു കാരണം.
ഹിറ്റുകൾ ആവർത്തിക്കാൻ റഹ്മാന് ഇപ്പോൾ കഴിയുന്നില്ല എന്ന് വിമർശിക്കുന്നവരുണ്ട്?
ഓസ്ക്കാറിന് ശേഷം റഹ്മാൻ തന്റെ സംഗീത ത്തിൽ മാറ്റങ്ങൾ കൊണ്ടു വന്നിട്ടുണ്ട് എന്നുള്ളത് സത്യമാണ്. ഇന്റർനാഷണൽ ഓഡിയൻസിനെ കൂടി ലക്ഷ്യമിട്ടു കൊണ്ടാണ് അദ്ദേഹത്തിന്റെ പുതിയ ഓരോ കമ്പോസിഷനും. പക്ഷേ ഒന്നു പറയാം, സംഗീതവും  റഹ്മാനും തമ്മിൽ ഒരു പെർഫക്ട് ഹാർമണിയുണ്ട്.
ഇളയരാജയുടെ സംഗീതത്തിലും നിരവധി പാട്ടുകൾ പാടിയിട്ടുണ്ട് ?
റഹ്മാനിൽ നിന്ന് നേരെ വിപരീതമാണ് രാജാ സാറിന്റെ കാര്യം. അദ്ദേഹത്തിന്റെ 15 പാട്ടുകൾ പാടാനുള്ള ഭാഗ്യം എനിക്കു ലഭിച്ചു. തെന്നിന്ത്യൻ സിനിമാ സംഗീതത്തിന്, പ്രത്യേകിച്ചും തമിഴിൽ പുതിയൊരു ഉണർവ് നൽകിയ സംഗീതജ്ഞനാണ് ഇളയരാജ. കർണാടക- പശ്ചാത്യ സംഗീതത്തെ സമന്വയിപ്പിച്ചു കൊണ്ടുള്ള അദ്ദേഹത്തിന്റെ സ്റ്റൈൽ നവ്യാനുഭവമാണ് സംഗീത പ്രേമികൾക്ക് നൽകിയത്. റെക്കോഡിംഗ് വേളയിൽ റഹ്മാൻ ധാരാളം സ്വാതന്ത്ര്യം തരുമെങ്കിൽ രാജാ സാർ വളരെ സ്ട്രിക്ടാണ്. ഞാൻ അദ്ദേഹത്തിന്റെ  ഒരുപാട് ചീത്ത കേട്ടിട്ടുണ്ട്. പക്ഷേ പാട്ട് പുറത്തു വരുമ്പോഴായിരിക്കും അതിന്റെ ഗുണം നമ്മൾ അനുഭവിക്കുക.
മൂന്ന് സിനിമകളിൽ അഭിനയം?
എനിക്കു വന്ന അവസരങ്ങൾ എല്ലാം തന്നെ, പാട്ടായാലും അഭിനയമായാലും എന്നെ തേടി വന്നതാണ്. അഭിനയത്തിന്റെ  കാര്യം പറയുകയാണെങ്കിൽ അതിൽ  എന്തെങ്കിലും ടാലന്റ്  ഉള്ളതായി എനിക്ക് തോന്നിയിട്ടില്ല. പലതും നിർബന്ധത്തിന്റെ പുറത്ത് ചെയ്തതാണ്.
ചെമ്പനീർ പൂവിന് ശേഷം സംഗീത സംവിധാനം?
ചെമ്പനീർ പൂവ് യാദൃശ്ചികമായി സംഭവിച്ചതാണ്. കമ്പോസ് ചെയ്താൽ അഭിനയിക്കാമോ എന്ന ചോദ്യത്തിൽ നിന്നാണ് ആ ഗാനം പിറക്കുന്നത്. അതിന് ശേഷം അടുത്തിടെ ഒരുചിത്രത്തിന് സംഗീതം നൽകിയിരുന്നു. ഈ ഓണത്തിനും ഒരു പാട്ട് ചിട്ടപ്പെടുത്തി. പിന്നെ റെക്കോഡിംഗിനേക്കാൾ സ്റ്റേജ് ഷോകളായിരുന്നു ഞാൻ കൂടുതലും ചെയ്തിരുന്നത്. അതും ഒരുകാരണമായി.
റീമിക്സിനോടുള്ള അഭിപ്രായ വ്യത്യാസം തുറന്നു പറഞ്ഞിട്ടുണ്ട്. പഴയ ഗാനങ്ങൾ തങ്ങളുടേതായ ശൈലിയിൽ പുതുതലമുറ ആലപിക്കുന്നതിനോട് യോജിപ്പുണ്ടോ?
ഇന്നത്തെ സംഗീത സംവിധായകരിൽ എത്രപേരെ നമ്മൾ മാസ്റ്റർ എന്നു വിളിക്കുന്നുണ്ട്. ദേവരാജൻ മാസ്റ്റർ, അർജുനൻ മാസ്റ്റർ, ദക്ഷിണാമൂർത്തി സ്വാമി ഇവരൊക്കെ ശരിക്കും ലെജൻഡ്സ് തന്നെയായിരുന്നു. അവർ ചെയ്തിട്ടുള്ള പാട്ടുകൾക്കൊന്നും തന്നെ ഒരിക്കലും മരണമില്ല. അതെടുത്ത് വീഡിയോ ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ല. പാട്ടിന്റെ സ്രഷ്ടാക്കൾക്ക് ചെയ്യാൻ പറ്റാത്ത കാര്യമാണോ ഇവരൊക്കെ ചെയ്യുന്നത്. നല്ല ടാലന്റ് ആയിട്ടുള്ള ധാരാളം മ്യൂസിക് ഡയറക്ടേഴ്സും ഗായകരുമൊക്കെ നമുക്കുണ്ട്. അവരെ കണ്ടെത്തി  പ്രോത്സാഹിപ്പിക്കാനാണ് സംവിധായകരും നിർമ്മാതാക്കളും ശ്രമിക്കേണ്ടത്.
എസ്.പി.ബിയുടെ ഓർമ്മകൾ, സൗഹൃദം?
മുപ്പത്തിയഞ്ച് വർഷം നീണ്ട സൗഹൃദമായിരുന്നു ബാലുസാറുമായിട്ട്. മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ പെരുമാറ്റം എല്ലാവരും കണ്ടു പഠിക്കേണ്ടതാണ്. ഒരു കലാകാരൻ അല്ലെങ്കിൽ ഒരു ഗായകൻ എങ്ങനെയായിരിക്കണം എന്ന് നമ്മളോട് പറയാതെ പറഞ്ഞു തന്നാണ് ബാലു സാർ മടങ്ങിയത്. സുഖമില്ലെന്ന് അറിഞ്ഞിട്ട് രണ്ടുതവണ എന്റെ പ്രോഗ്രാമുകൾ മാറ്റിവച്ചു. സ്വപ്നത്തിൽ പോലും കരുതിയതല്ല സംഭവിച്ചത്. ഇതിഹാസങ്ങൾക്ക് മരണമില്ല. അങ്ങനെ വിശ്വസിക്കാനാണ് ഓർമ്മകൾ എന്നെ പ്രേരിപ്പിക്കുന്നത്.