china-docter

ബീജിംഗ്: ചൈനയുമായി ലഡാക്കിലും അരുണാചലിലും മ‌റ്റും തർക്കങ്ങൾ തുടരുമ്പോഴും ഒരു ഡോക്‌ടറുടെ ജന്മദിനം ആചരിക്കാൻ ഇന്ത്യയുടെയും ചൈനയുടെയും സർവ്വകലാശാല വിദ്യാർത്ഥികൾ ഒരുമിച്ചു. 1942ലെ ജപ്പാനുമായുള‌ള ചൈനയുടെ യുദ്ധ സമയത്ത് അവിടെ മരണമടഞ്ഞ ഡോ. ദ്വാരകാനാഥ് കോട്നിസിന് ആദരവർപ്പിക്കാനായിരുന്നു അത്. ഡോ.കോട്‌നിസിന്റെ 110ആമത് ജന്മദിനം പ്രമാണിച്ച് ഒരു ചൈനീസ് സംഘടന നടത്തിയ ആദരവർപ്പിക്കൽ ചടങ്ങിലാണ് ഇരു രാജ്യത്തെയും വിദ്യാർത്ഥികൾ ഒന്നിച്ചത്.

1938ൽ ചൈനയുമായുള‌ള യുദ്ധ സമയത്ത് സഹായത്തിനായി ഇന്ത്യയിൽ നിന്ന് അഞ്ച് ഡോക്‌ടർമാരടങ്ങുന്ന സംഘത്തെ അയച്ചു. എം.അടൽ,​ എം.ചോൽക്കർ,​ ഡോ.ദ്വാരകാനാഥ് കോട്‌നിസ്,​ ബി.കെ ബസു,​ ഡി.മുഖർജി എന്നിവരായിരുന്നു അന്ന് ചൈനയിലെത്തിയത്. യുദ്ധാനന്തരം ബാക്കി നാലുപേരും ഇന്ത്യയിലേക്ക് മടങ്ങിയെങ്കിലും ഡോ.കോട്നിസ് മാത്രം മടങ്ങിയില്ല. അവിടെത്തന്നെ തുടർന്നു. മാവോ സേതൂങ്ങിന്റെ കാലത്തും പിന്നീട് ജപ്പാനുമായുള‌ള യുദ്ധ സമയത്തും ചൈനയിൽ അദ്ദേഹം സേവനം അനുഷ്‌ടിച്ചു.

മഹാരാഷ്‌ട്രയിലെ ഷോലാപൂരിൽ ജനിച്ച ഡോക്‌ടറെ 1938ൽ ലോകമഹായുദ്ധ സമയത്ത് ചൈനയിൽ സഹായത്തിനയച്ചത് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ആണ്. പിന്നീട് ചൈനീസ് കമ്മ്യൂണിസ്‌റ്റ് പാർട്ടിയിൽ അംഗത്വമെടുത്ത ഡോ.കോട്‌നിസ് 32ആമത് വയസ്സിൽ 1942ൽ കൊല്ലപ്പെട്ടു.

ചൈനീസ് സർക്കാരിന്റെ ഔദ്യോഗിക സംഘടനയായ ചൈനീസ് പീപ്പിൾസ് അസോസിയേഷൻ ഫോർ ഫ്രണ്ട്ഷിപ്പ് വിത്ത് ഫോറിൻ കൺട്രീസ്(സി.പി.എ.എഫ്.എഫ്.സി)​ ആണ് ഡോ.കോട്‌നിസിനായി ഓൺലൈൻ അനുസ്‌മരണം നടത്തിയത്. ഇന്ത്യയിലെ ചൈനീസ് എംബസിയിലെ മുതിർന്ന ഉദ്യോഗസ്ഥനായ മാ ജിയയും,​ ഇന്ത്യയിലെയും ചൈനയിലെയും സർവകലാശാലകളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും മാദ്ധ്യമ പ്രവർത്തകരും യോഗത്തിൽ പങ്കെടുത്തു.

ഡോ.കോട്‌നിസിന്റെ സേവനങ്ങളെ കുറിച്ചും ഇരു രാജ്യങ്ങളിലെ യുവജനങ്ങൾ തമ്മിലുള‌ള സാംസ്‌കാരിക കൈമാ‌റ്റത്തിന് സഹായമാകുന്ന കാര്യങ്ങളെ കുറിച്ചും യോഗത്തിൽ ചർച്ച നടന്നു. ഇന്ത്യയും ചൈനയും തമ്മിലെ നയതന്ത്രപരമായ ബന്ധം ആരംഭിച്ചതിന്റെ 70ആമത് വാർഷികമാണിതെന്നും സംഘാടകർ പറഞ്ഞു. ഇന്ത്യ-ചൈന ബന്ധത്തിൽ തർക്കങ്ങൾ ഉടലെടുത്ത തർക്കങ്ങൾക്കിടയിലും ഡോ.കോട്നിസിനെ അനുസ്‌മരിക്കാൻ കഴിഞ്ഞതിൽ സംഘാടകർ തൃപ്‌തി അറിയിച്ചു.

ചൈനയെ പ്രതിസന്ധി ഘട്ടത്തിൽ സഹായിക്കാനെത്തിയ കോട്‌നിസിനെ അന്ന് മാവോ സെതുങ്ങ് ഉൾപ്പടെുള‌ള നേതാക്കൾ പുകഴ്‌ത്തിയിരുന്നു. ചൈനയിൽ കെ ദിഹുവ എന്ന് വിളിക്കപ്പെടുന്ന കോട്‌നിസിന്റെ ഒരു വെങ്കല പ്രതിമ ഷിജിയാസുവാംഗിലെ മെഡിക്കൽ സ്‌കൂളിൽ സ്ഥാപിച്ചിട്ടുണ്ട്. കോട്‌നിസ് ജോലി നോക്കിയ ഹെബെയ്‌ പ്രവിശ്യയിലും അദ്ദേഹത്തിന്റെ സ്‌മരണ ഉണർത്തുന്നതിന് ചൈന സ്‌മാരകങ്ങൾ പണികഴിപ്പിച്ചിട്ടുണ്ട്.