
നാട്ടുകാരെ വിറപ്പിച്ച പൊലീസ് ഇൻസ്‌പെക്‌ടറായ മിന്നൽ പരമശിവന്റെ സ്വകാര്യകുളത്തിൽ നീന്താൻ ധൈര്യം കാണിച്ചയാളാണ് മോഹൻലാൽ എന്ന് നടൻ പൂജപ്പുര രാധാകൃഷ്‌ണൻ. മോഹൻലാലുമൊത്തുള്ള ചെറുപ്പത്തിലെ ഓർമ്മകൾ പങ്കുവച്ച് ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പങ്കുവച്ചത്. മിന്നൽ പരമശിവൻ എന്നുകേട്ടാൽ ജനങ്ങൾ കിടുകിടാ വിറയ്‌ക്കുന്ന സമയമായിരുന്നു അത്. തന്റെ തോട്ടത്തിലെ കൃഷിക്കായി മിന്നൽ സ്വന്തം പുരയിടത്തിൽ ഒരു കുളം ഒരുക്കിയിരുന്നു. ഇതിലാണ് മോഹൻലാലും കൂട്ടുകാരും വൈകുന്നേരങ്ങളിൽ നീന്താൻ എത്തുന്നതെന്നും രാധാകൃഷ്‌ണൻ പറയുന്നു.
'മോഹൻലാൽ മഞ്ഞിൽ വിരിഞ്ഞപൂക്കളിൽ വരുന്ന സമയമാണ്. തിരുവനന്തപുരം പൂജപ്പുര സരസ്വതി മണ്ഡപത്തിന്റെ തൊട്ടടുത്ത് മിന്നൽ പരമശിവൻ നായർ എന്നറിയപ്പെട്ടിരുന്ന പഴയ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നു. മിന്നൽ പരമശിവൻ എന്നുകേട്ടാൽ ജനങ്ങൾ കിടുകിടാ വിറയ്‌ക്കുന്ന സമയമായിരുന്നു അത്. ഏതെങ്കിലും തരത്തിലുള്ള തെമ്മാടിത്തരം കാണിക്കുന്നവർക്ക് പരമശിവന്റെ കൈയിൽ നിന്ന് മിന്നൽ വേഗത്തിലായിരുന്നു ഇടി കിട്ടിയിരുന്നത്. വേഷം മാറി എത്തി ആളുകളെ പിടിച്ചുകൊണ്ടു പോകുമായിരുന്നു. സ്വന്തം വീട്ടിനടുത്തുള്ള കുളത്തിൽ നിന്ന് വെള്ളം പമ്പുചെയ‌്ത് എത്തിച്ച് മിന്നൽ കൃഷി നടത്തിയിരുന്നു. ഗ്രാമ്പു, ജാതിക്ക തുടങ്ങിയവയായിരുന്നു ആ തോട്ടത്തിൽ കൃഷി ചെയ‌്തിരുന്നത്. പൊതുകുളത്തിൽ നിന്ന് വെള്ളമെത്തിക്കുന്നത് മിന്നലിന്റെ തോട്ടത്തിലെ സ്വകാര്യ കുളത്തിലേക്കാണ്. മോഹൻലാൽ പലപ്പോഴും ഈ കുളത്തിൽ കുളിക്കുമായിരുന്നു. മിന്നലിന്റെ മകൻ അശോകും ലാലിനൊപ്പം അക്കാലത്ത് കൂടിയിരുന്നു'.