
തിരുവനന്തപുരം: നാലു മണിക്കൂർ കൊണ്ട് തിരുവനന്തപുരത്തു നിന്ന് കാസർകോട് എത്താവുന്ന സെമി ഹൈസ്‌പീഡ് റെയിൽ പദ്ധതിക്കായുള്ള സ്ഥലമേറ്റെടുക്കൽ വേഗം പൂർത്തിയാക്കണമെന്ന് പദ്ധതിക്ക് വായ്‌പ നൽകുന്ന ജപ്പാൻ ഇന്റർനാഷണൽ കോഓപ്പറേഷൻ ഏജൻസി (ജിക്ക) സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. പദ്ധതിക്ക് കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചിട്ടും സ്ഥലമേറ്റെടുക്കലിൽ കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. പദ്ധതിക്ക് ആവശ്യമായ സ്ഥലത്തിന്റെ 80 ശതമാനം ഏറ്റെടുത്താൽ മാത്രമെ സാമ്പത്തിക സഹായം അനുവദിക്കാനാകൂവെന്ന് ജിക്ക അധികൃതർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്.
1226 ഹെക്ടർ ഭൂമിയാണ് പദ്ധതിക്കായി വേണ്ടത്. എന്നാൽ, നിലവിലുള്ള റെയിൽവേ ലൈനിന് സമാന്തരമായി പുതിയ പാത കടന്നുപോകുന്ന ഭാഗത്ത് റെയിൽവേയ്ക്കുള്ള അധിക ഭൂമി ഈ പദ്ധതിക്ക് ഉപയോഗിക്കാമെന്ന് റെയിൽവേ മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്. ഇതിലൂടെ 200 ഹെക്ടർ ഭൂമി ലഭിക്കും. ശേഷിക്കുന്ന സ്ഥലം ഏറ്റെടുത്താൽ മതിയാകും. പൈതൃക സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ഒഴിവാക്കാൻ സാദ്ധ്യതാ രൂപരേഖയിൽ 10 മുതൽ 50 മീറ്റർ വരെ മാറ്റം വരുത്തിയിട്ടുണ്ട്.
ഭൂമിയേറ്റെടുക്കൽ വെല്ലുവിളി
കേരളത്തിലെ ഭൂമിയേറ്റെടുക്കൽ എപ്പോഴും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാലാണ് ജിക്ക ഇത്തരമൊരു നിർദ്ദേശം മുന്നോട്ട് വച്ചതെന്നാണ് ഇതുമായി ബന്ധപ്പെട്ടവർ പറയുന്നത്. പദ്ധതിക്ക് സാമ്പത്തിക സഹായം നൽകിയ ശേഷം സ്ഥലമേറ്രെടുക്കലിന്റെ പേരിൽ പ്രതിസന്ധി ഉണ്ടാകാൻ ജിക്ക ആഗ്രഹിക്കുന്നില്ല. മാത്രമല്ല, സ്ഥലം ഉറപ്പാക്കി നിർമ്മാണം തുടങ്ങിയാൽ എത്രയും വേഗം പദ്ധതി പൂർത്തിയാക്കാനാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
റെയിൽപാത ഇങ്ങനെ
11 ജില്ലകളിലൂടെയാണ് ട്രെയിൻ കടന്നുപോകുക. തിരുവനന്തപുരം കൊച്ചുവേളിയിൽ തുടങ്ങി കഴക്കൂട്ടം, ആറ്റിങ്ങൽ, കല്ലമ്പലം, പാരിപ്പള്ളി, കൊട്ടിയം, മുഖത്തല, കുണ്ടറ, തെങ്ങമം, നൂറനാട്, മുതുകാട്ടുകര, കിടങ്ങയം, കൊഴുവല്ലൂർ, മുളക്കുഴ വഴി ചെങ്ങന്നൂരിൽ, പിരളശ്ശേരി എൽ.പി.സ്‌കൂളിനു സമീപം വല്ലന റോഡിലാണ് ചെങ്ങന്നൂരിലെ സ്‌റ്റേഷൻ. നെല്ലിക്കൽ കോയിപ്പുറം, നെല്ലിമല, ഇരവിപേരൂർ, കല്ലൂപ്പാറ, മുണ്ടിയപ്പള്ളി, മാടപ്പള്ളി, വാകത്താനം, വെള്ളൂത്തുരുത്തി, പാറയ്ക്കൽ കടവ്, കൊല്ലാട്, കടുവാക്കുളം വഴി കോട്ടയത്തേക്ക്. കോട്ടയം റെയിൽവേ സ്‌റ്റേഷനു തെക്ക് മുട്ടമ്പലം ദേവലോകം ഭാഗത്താണ് പുതിയ സ്‌റ്റേഷൻ. കോട്ടയത്തുനിന്ന് എറണാകുളം കാക്കനാട്ടേക്ക്. അവിടെനിന്ന് നെടുമ്പാശ്ശേരി എയർപോർട്ട്, തൃശൂർ വഴി തിരൂരിൽ എത്തും. തിരൂർ മുതൽ റെയിൽ പാതയ്ക്ക് സമാന്തരമായാണ് പാത.
സ്റ്റേഷനുകൾ
തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂർ, കോട്ടയം, എറണാകുളം, നെടുമ്പാശ്ശേരി വിമാനത്താവളം, തൃശൂർ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട്.
ചെലവ് 63,941 കോടി
ഇന്ത്യൻ റെയിൽവേയ്ക്കും സംസ്ഥാന സർക്കാരിനും തുല്യഓഹരിയുള്ള കേരള റെയിൽ ഡെവലപ്‌മെന്റ് കോർപ്പറേഷനാണ് നടപ്പാക്കുന്നത്. 63,941 കോടിയുടെ പദ്ധതി അഞ്ച് വർഷം കൊണ്ട് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. ജനസാന്ദ്രതയേറിയ പ്രദേശങ്ങളിൽ റെയിലിന്റെ വീതി 15-25 മീറ്റർ ആയിരിക്കും.ജിക്കയെ കൂടാതെ ജർമ്മൻ ബാങ്ക്, ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ബാങ്ക് എന്നീ അന്താരാഷ്ട്ര ഏജൻസികളിൽ നിന്ന് വായ്‌പ എടുക്കുന്നുണ്ട്.