painting

കണ്ണൂർ: ഒരേ സമയം അഞ്ചു ചിത്രങ്ങൾ വരയ്ക്കാനാവും ജ്യോതിസിന്. മോഹൻലാൽ, പൃഥ്വിരാജ്, ജയസൂര്യ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവർ ഒരുമിച്ച് പിറക്കുകയായിരുന്നു ജ്യോതിസിന്റെ വരകളിൽ. കൗതുകത്തിന് തുടങ്ങിയ 'പഞ്ചചിത്രവര' ഇപ്പോൾ ഒരു പ്രതിഭാസമായി മാറി. എന്തെങ്കിലും വരയ്ക്കണമെങ്കിൽ ജ്യോതിസിനിപ്പോൾ കൈകളും കാലുകളും വായയും വേണം. വേണ്ടിവന്നാൽ തീ കൊണ്ടും ശീർഷാസനത്തിലും ചിത്രം വരയ്ക്കും.

ഗിന്നസ് ഒന്നുമല്ല ലക്ഷ്യം. ജ്യോതിസ് കാത്തിരിക്കുന്നത് പ്രിയതാരങ്ങളെയെല്ലാം നേരിൽക്കണ്ട് അവരുടെ മുന്നിൽവച്ച് ഇതുപോലെ വരയ്ക്കാനാണ്. മാതമംഗലം കൈതപ്രം ചെറുവച്ചേരിയിലെ ലോട്ടറി തൊഴിലാളിയായ പി. ബാലകൃഷ്ണന്റെയും ശ്രീവിദ്യയുടെയും മകനാണ് കെ.പി. ജ്യോതിസ്.

നാല് മാസം മുമ്പാണ് അഞ്ച് നടന്മാരുടെയും ചിത്രം ഒരേ സമയം പൂർത്തിയാക്കിയത്. നിവിൻ പോളിയുടെ അഞ്ച് സിനിമകളിലെ വ്യത്യസ്ത ഭാവങ്ങളും ഇങ്ങനെ വരച്ചു. വലതുകൈയിൽ തുടങ്ങി, ഇടതു കൈയിലേക്കും, പിന്നെ വലതുകാലും തുടർന്ന് ഇടതുകാലും വായും കൊണ്ടായി ചിത്രരചന.
ചിത്രരചനയിൽ താത്പര്യമുള്ള അച്ഛൻ ബാലകൃഷ്ണനാണ് പ്രചോദനം. ബി. എസ്‌സി ഇലക്ടോണിക്സ് പഠനം പൂർത്തിയാക്കിയ ജ്യോതിസ് സ്റ്റെൻസിൽ ആർട്ടിലാണ് പ്രാവീണ്യം നേടിയത്. ചായപ്പൊടികൊണ്ടും വരയ്ക്കാറുണ്ട്.

വര ഇങ്ങനെ

കൈ​കാ​ലു​ക​ളിലെ ചൂ​ണ്ടു​വി​ര​ലിന്റെ​യും പെ​രു​വി​ര​ലിന്റെ​യും ഇ​ട​യി​ൽ പേ​ന തി​രു​കി​വ​ച്ചും കടിച്ചുപിടിച്ചുമാ​ണ് വ​ര​യ്ക്കു​ന്ന​ത്. ചുവരുകളിലാണ് തീയും പുകയും കരിയും കൊണ്ടുള്ള ചിത്രരചന.

ഒ​രു കൈ​കൊ​ണ്ട് ക​ണ്ണു വ​ര​ച്ചാൽ അ​ടു​ത്ത കടലാസിൽ അ​ടു​ത്ത കൈ​കൊ​ണ്ട് ക​ണ്ണു വ​ര​യ്ക്കും. തു​ട​ർ​ന്ന് ഓ​രോ കാ​ലു​കൊ​ണ്ടും ഇ​തു തു​ട​രു​ന്നു. അ​തി​നു​ശേ​ഷം വാ​യകൊ​ണ്ടും വ​ര​യ്ക്കും.

സോ​ഷ്യൽ മീ​ഡി​യ​യി​ൽ ഇ​തു പോ​സ്റ്റ് ചെ​യ്യു​ന്ന​തും താ​ര​ങ്ങ​ൾ ഷെ​യ​ർ ചെ​യ്യു​ന്നതുമാണ് ജ്യോതിസിന് ഹരംപകരുന്നത്. സഹോദരൻ പ്ളസ് ടു വിദ്യാർത്ഥിയായ ശ്രേയസും വരവഴിയിലെത്താൻ ശ്രമം തുടങ്ങിയിട്ടുണ്ട്.

ഇനി കണ്ണുകെട്ടി വരയ്ക്കണം

കണ്ണു കെട്ടി കൈകളും കാലുകളും വായയും കൊണ്ട് വരയ്ക്കണം. അതാണ് വലിയ ആഗ്രഹം. അതിനുള്ള തയ്യാറെടുപ്പിലാണ് ജ്യോതിസ്.