garuda-indonesia

ലോകമെമ്പാടും നാശം വിതച്ചു കൊണ്ടിരിക്കുന്ന കൊവിഡ് 19ന്റെ പിടിയിൽ നിന്നും മോചനം നേടാൻ ഒരു വാക്സിൻ ഇതുവരെ കണ്ടെത്തിയിട്ടില്ല. വാക്സിനായുള‌ള പരീക്ഷണങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നു വരുന്നു. വാക്സിൻ വിജയകരമായി കണ്ടെത്തുന്നത് വരെ നമ്മളാൽ കഴിയുന്ന തരത്തിലൊക്കെ കൊവിഡിൽ നിന്നും രക്ഷപെടാൻ ശ്രമിക്കുകയാണ് വേണ്ടത്. ഫേസ്‌മാസ്കും സാമൂഹ്യ അകലവും അണുനശീകരണവുമൊക്കെ കൊവിഡിനെ അകറ്റി നിറുത്താൻ സഹായിക്കുന്നു.

വൈറസ് നമ്മുടെ ശരീരത്തിനുള‌ളിലേക്ക് കടന്നു കൂടുന്നത് തടയാനുള‌ള ഏറ്റവും മികച്ച മാർഗങ്ങളിൽ ഒന്ന് മാസ്ക് തന്നെയാണ്. ഇപ്പോൾ മാസ്ക് ധരിക്കാതെ പുറത്തിറങ്ങാൻ സാധിക്കില്ല. എന്നാൽ ചിലരെങ്കിലും മാസ്ക് ധരിക്കാൻ വിമുഖത കാട്ടുന്നുണ്ട്. അത്തരക്കാർ ഈ വിമാനത്തെ നോക്കൂ ! കൂറ്റൻ വിമാനം വരെ മാസ്ക് ധരിച്ചിരിക്കുന്നു.

ശരിക്കും വിമാനം മാസ്ക് ധരിച്ചിരിക്കുകയല്ല. പകരം മാസ്ക് വരച്ച് ചേർത്തിരിക്കുകയാണ്. ഇന്തോനേഷ്യയുടെ ദേശീയ വിമാന സർവീസ് ആയ ഗരുഡയാണ് ഇത്തരം ഒരു ആശയം മുന്നോട്ട് വച്ചിരിക്കുന്നത്. ഗരുഡയുടെ അഞ്ച് വിമാനങ്ങളുടെ മുന്നിലാണ് മാസ്ക് വരച്ച് ചേർത്തിരിക്കുന്നത്. മാസ്ക് ധരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലേക്കെത്തിക്കാനാണ് ഗരുഡയുടെ ഈ ആശയം.

ഇന്തോനേഷ്യൻ സർക്കാരിന്റെ ' ആയോ പകായി മാസ്കർ ( നമുക്ക് മാസ്ക് ധരിക്കാം ) ' എന്ന കാമ്പെയിനുള‌ള പിന്തുണയാണ് ഗരുഡ വിമാനങ്ങളുടെ മുന്നിലെ നീല നിറത്തിലെ മാസ്ക്. ഡൊമസ്റ്റിക് റൂട്ടുകളെ കൂടാതെ സിംഗപ്പൂർ, ജപ്പാൻ എന്നീ രാജ്യങ്ങളിലേക്കും ഈ മാസ്കിട്ട വിമാനങ്ങൾ സർവീസ് നടത്തും. 60 പേർ ചേർന്ന് 120 മണിക്കൂറിലേറെ പരിശ്രമിച്ചാണ് വിമാനങ്ങളിൽ മാസ്ക് വരച്ച് ചേർത്തത്.

' വിമാനങ്ങൾക്ക് മാസ്കാകാമെങ്കിൽ എന്തു കൊണ്ട് ജനങ്ങൾക്കായിക്കൂടാ ? ഇതിനേക്കാൾ എത്രയോ എളുപ്പമാണ് മനുഷ്യർക്ക് മാസ്ക് ധരിക്കാൻ ? ചെലവുമില്ല, രോഗവ്യാപനവും തടയാം. ' ഗരുഡ ഇന്തോനേഷ്യയുടെ അധികൃതർ പറയുന്നു. ഗരുഡയുടെ ആശയത്തെ ഇന്തോനേഷ്യക്കാർ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. ഇതുവരെ 336,716 പേർക്കാണ് ഇന്തോനേഷ്യയിൽ കൊവിഡ് ബാധിച്ചത്. 11,935 പേർ മരിച്ചു. ഫിലിപ്പീൻസിന് ശേഷം തെക്ക് കിഴക്കൻ ഏഷ്യൻ മേഖലയിൽ ഏറ്റവും കൂടുതൽ കൊവിഡ് കേസുകളുള‌ള രാജ്യം ഇന്തോനേഷ്യയാണ്.