tovino-thomas

നടൻ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ഷൂട്ടിംഗിനിടെ പരിക്കേറ്റതിനെ തുടർന്നാണ് ടൊവിനോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആറ് ദിവസമായി എറണാകുളം റെനെ മെഡിസിറ്റിയിൽ ചികിത്സയിലായിരുന്ന താരം ഇന്ന് ഉച്ചയോടെയാണ് ഡിസ്‌ചാർജ് ആയ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. പ്രേക്ഷകരുടെ പിന്തുണയ്‌ക്കും സ്‌നേഹത്തിനും ടൊവിനോ തോമസ് നന്ദി പറഞ്ഞു.

കള സിനിമയിലെ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് ടൊവിനോക്ക് പരിക്കേറ്റത്. കടുത്ത വയറുവേദനയെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച താരത്തിനെ സി.ടി. ആൻജിയോഗ്രാമിന് വിധേയനാക്കി. പരിശോധനയിൽ ആന്തരിക രക്തസ്രാവമുണ്ടെന്ന് വ്യക്തമായതോടെ 48 മണിക്കൂർ നിരീക്ഷണത്തിനായി ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.

'അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ', 'ഇബിലീസ്' എന്നീ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് ബി.എസ്. സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'കള'. യദു പുഷ്‌പാകരനും രോഹിതും ചേർന്ന് രചന നിർവഹിക്കുന്ന ചിത്രത്തിൽ ലാലും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.