kim

മാപ്പിരന്ന് കിം ജോംഗ് ഉൻ

പ്യോങ്‌ഗ്യാങ്: ഉത്തര കൊറിയൻ ജനതയോട് മാപ്പിരന്ന് ഭരണാധികാരി കിം ജോംഗ് ഉൻ. കൊവിഡ് മഹാമാരി നിയന്ത്രിക്കുന്നതിൽ തനിക്ക് പാളിച്ചയുണ്ടായെന്നും അതിന് തന്നോട് ക്ഷമിക്കണമെന്നുമാണ് കിം കണ്ണുനീരോടെ പറഞ്ഞത്. രാജ്യത്തെ ഭരണകക്ഷിയായ റൂളേഴ്സ് പാർട്ടിയുടെ എഴുപത്തിയഞ്ചാം വാർഷികത്തിന്റെ ഭാഗമായി നടന്ന മിലിട്ടറി പരേഡ് അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു കിം . 'എന്റെ ജനങ്ങൾ ആകാശത്തോളവും കടലോളവും ആഴത്തിൽ എന്നെ വിശ്വസിച്ചു. പക്ഷേ അവരെ സംതൃപ്തരാക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. അതിൽ ഞാൻ ക്ഷമ ചോദിക്കുന്നു. മുൻ ഭരണാധികാരികളെ പോലെ ജനങ്ങൾ എന്നെ സ്വീകരിച്ചതിൽ നന്ദി പറയുന്നു. അവരുടെ ജീവിതം സുഗമമാക്കുന്നതിന് ഇനിയും കൂടുതൽ പരിശ്രമിക്കേണ്ടിയിരിക്കുന്നു എന്നും കിം പറഞ്ഞു.

മുൻ ദക്ഷിണ കൊറിയൻ പ്രധാനമന്ത്രിയായ ലീ നാക് യോൻ ഉന്നിന്റെ പ്രവർത്തിയെ പോസിറ്റീവ് സൈൻ എന്നാണ് വിശേഷിപ്പിച്ചത്. ഒപ്പം മിലിട്ടറി പരേഡിൽ പ്രദർശിപ്പിച്ച പുതിയ ആയുധങ്ങളെപ്പറ്റിയുള്ള ആശങ്കയും അദ്ദേഹം പങ്കുവച്ചു. എന്നാൽ ഇത് മുതലക്കണ്ണീരാണെന്നാണ് ദക്ഷിണ കൊറിയയിലെ കൊറിയൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നാഷണൽ സ്ട്രാറ്റജിയിലെ സീനിയർ ഫെല്ലോയായ ഷിൻ ബ്യോം ചുൽ പറഞ്ഞത്.