
സ്റ്റോക്ക്‌ഹോം: ഈ വര്‍ഷത്തെ സാമ്പത്തികശാസ്ത്രത്തിനുള്ള നൊബേല്‍ പുരസ്‌കാരം പോള്‍ ആര്‍ മില്‍ഗ്രോമിനും റോബര്‍ട്ട് ബി വില്‍സണും. റോയല്‍ സ്വീഡിഷ് അക്കാദമിയാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. കൊവിഡ് 19 മഹാമാരി മൂലം സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക ഞെരുക്കത്തിലൂടെ ലോകം കടന്നുപോകുന്നതിനിടെയാണ് പ്രഖ്യാപനം.
'ലേലത്തിനുള്ള പുതിയ രീതികള്‍ കണ്ടെത്തിയതിനും ലേലവില്‍പന സംബന്ധിച്ച സിദ്ധാന്തങ്ങള്‍ മെച്ചപ്പെടുത്തിയതിനു'മാണ് ഇരുവര്‍ക്കും നൊബേല്‍ പുരസ്‌കാരം നല്‍കുന്നതെന്ന് നൊബേല്‍ കമ്മിറ്റി അറിയിച്ചു.
ആല്‍ഫ്രഡ് നൊബേലിന്റെ ഓര്‍മയ്ക്കായുള്ള സാമ്പത്തികശാസ്ത്രത്തിനുള്ള റിക്‌സ്ബാങ്ക് പുരസ്‌കാരം (Sveriges Riksbank Prize in Economic Sciences in Memory of Alfred Nobel) എന്നാണ് സാമ്പത്തിക നൊബേല്‍ സമ്മാനം സാങ്കേതികമായി അറിയപ്പെടുന്നത്. 1969 മുതല്‍ 51 തവണ വിതരണം ചെയ്ത ഈ പുരസ്‌കാരം ഒരു നൊബേല്‍ സമ്മാനമായി തന്നെയാണ് കണക്കാക്കുന്നത്. 11 ലക്ഷം യുഎസ് ഡോളറും സ്വര്‍ണ മെഡലും അടങ്ങുന്നതാണ് പുരസ്‌കാരം.
ഇന്ത്യന്‍ വംശജനായ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് ബാനര്‍ജി അടക്കമുള്ളവര്‍ക്കായിരുന്നു 2019ലെ സാമ്പത്തിക ശാസ്ത്ര നൊബേല്‍. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ അഭിജിത് ബാനര്‍ജിയ്ക്കും എസ്‌തേര്‍ ദഫ്‌ലോയ്ക്കും പുറമെ ഹാര്‍വാഡ് സര്‍വകലാശാലയിലെ മൈക്കിള്‍ ക്രെമറിനും കഴിഞ്ഞ വര്‍ഷം സാമ്പത്തിക നൊബേല്‍ ലഭിച്ചിരുന്നു.