
ലക്‌നൗ: ഹാഥ്‌രസ് കേസിന്റെ വിചാരണ ഉത്തർപ്രദേശിന് പുറത്തേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം കോടതിയിൽ ആവശ്യപ്പെട്ടു. ഡൽഹിയിലേക്കോ മുംബയിലേക്കോ വിചാരണ മാറ്റണം എന്നാണ് കുടുംബത്തിന്റെ ആവശ്യം. ഹാഥ്‌രസ് സംഭവത്തിൽ ഉത്തർപ്രദേശ് സർക്കാരിൽ നിന്നും നേരത്തെ ഹൈക്കോടതി വിശദീകരണം തേടിയിരുന്നു.
ഉത്തർപ്രദേശ് ചീഫ് സെക്രട്ടറി, ഡി.ജി.പി, എ.ഡി.ജി.പി എന്നിവർ കോടതിയിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകി. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിശദാംശങ്ങൾ ഹാജരാക്കാൻ ഹാഥ്‌രസ് ജില്ലാ മജിസ്ട്രേറ്റിനോടും ജില്ലാ പൊലീസ് മേധാവിയോടും കോടതി നിർദേശിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥരെല്ലാം ഇന്ന് ഹൈക്കോടതിയിൽ എത്തിയിട്ടുണ്ട്.
പെൺകുട്ടിയുടെ കുടുംബവും കോടതിയിൽ നേരിട്ടെത്തി. അലഹാബാദ് കോടതിയുടെ ലക്‌നൗ ബെഞ്ചാണ് കേസ് കേൾക്കുന്നത്. രാജ്യത്തെ നടുക്കിയ ഹാഥ്‌രസ് കൊലപാതക കേസിൽ ലക്നൗ ബെഞ്ച് കേസെടുത്തിരുന്നു. കോടതിയിൽ ഹാജരായ പെൺകുട്ടിയുടെ കുടുംബത്തോട് ജസ്റ്റിസ് രാജൻ റോയ്, ജസ്റ്റിസ് ജസ്പ്രീത് സീംഗ് എന്നിവർ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.