
വാഷിംഗ്ടൺ: കൊവിഡിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കും വിധം ട്വീറ്റിട്ട അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ട്വീറ്റിന് വീണ്ടും വിലക്കേർപ്പെടുത്തി ട്വിറ്റർ. കൊവിഡ് മാറി തനിക്ക് പ്രതിരോധ ശേഷി ലഭിച്ചുവെന്ന പ്രസിഡന്റിന്റെ ട്വീറ്റിനെതിരെയാണ് നടപടി. തെറ്റായ വിവരങ്ങൾ നൽകി സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമിന്റെ നിയമങ്ങൾ ലംഘിച്ചുവെന്നും ട്വിറ്റർ ചൂണ്ടിക്കാട്ടി. 'വൈറ്റ് ഹൗസ് ഡോക്ടർമാരോട് പൂർണമായും വിട പറഞ്ഞു. ആ രോഗം എന്നെ ഇനി ബാധിക്കില്ല. വളരെ സന്തോഷം' എന്നായിരുന്നു ട്രംപിന്റെ ട്വീറ്റ്. സ്വന്തം ആരോഗ്യത്തെ സംബന്ധിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകുന്നതാണ് ട്രംപിന്റെ ട്വീറ്റെന്നും അത്തരം പോസ്റ്റുകൾ പ്രചരിപ്പിക്കാൻ കഴിയില്ലെന്നും ട്വിറ്റർ വക്താവ് പറയുന്നു. ഒക്ടോബർ രണ്ടിനാണ് ട്രംപിന് കൊവിഡ് ബാധിച്ചത്. നാലു ദിവസത്തെ ചികിത്സയ്ക്കു ശേഷം വൈറ്റ് ഹൗസിലേക്ക് മടങ്ങിയെത്തിയ ട്രംപിന് ഡോക്ടർമാർ നിർദ്ദേശം നൽകിയെങ്കിലും പ്രസിഡന്റ് അത് അനുസരിച്ചിട്ടില്ല.
ബൈഡനെ പോലെ ഒളിച്ചിരിക്കേണ്ട അവസ്ഥയില്ലെന്ന് ട്രംപ്
പ്രതിരോധ ശേഷി കൈവന്ന ഒരു പ്രസിഡന്റാണ് അമേരിക്കക്കാർക്കുള്ളതെന്ന് ട്രംപ് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. തന്റെ എതിരാളിയെപ്പോലെ നിലവറയിൽ ഒളിച്ചിരിക്കേണ്ട കാര്യമില്ലെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ തന്റെ എതിർ സ്ഥാനാർത്ഥിയായ ജോ ബൈഡനെ പ്രത്യക്ഷമായി വിമർശിക്കുന്നതായിരുന്നു ട്രംപിന്റെ പരാമർശം. ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതു മുതൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായ ബൈഡൻ അസുഖത്തിനെതിരെ ശാസ്ത്രീയമായി മുൻകരുതലെടുക്കേണ്ടതിനെപ്പറ്റിയും വ്യാജപ്രചാരണങ്ങൾക്കെതിരെയും ജനങ്ങളെ ബോധവാന്മാരാക്കിയിരുന്നു. ഇതാകാം ട്രംപിനെ പ്രകോപിപ്പിച്ചത്. തനിക്ക് പ്രതിരോധ ശേഷി കൈവന്നിട്ടുണ്ടെന്നും ചൈനാ വൈറസിനെ തോൽപ്പിച്ചുവെന്നത് പ്രധാനപ്പെട്ട കാര്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.