khushboo-suresh-gopi

ന്യൂഡൽഹി: ബിജെപിയുടെ പാളയത്തിൽ ഇനി പുതിയൊരു താരപ്രഭ കൂടി. തെന്നിന്ത്യൻ സിനിമാ താരം ഖുശ്‌ബു കോൺഗ്രസ് വിട്ട് ബി ജെ പി അംഗത്വം സ്വീകരിച്ചിരിക്കുകയാണ്. ഇന്ന് രാവിലെയാണ് ഖുശ്ബു കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിക്ക് രാജിക്കത്ത് നൽകിയത്. പിന്നീട് അവരെ എഐസിസി ദേശീയ വക്താവ് സ്ഥാനത്തുനിന്ന് പുറത്താക്കിയതായി എഐസിസി പ്രഖ്യാപിച്ചു. തുടർന്ന് എല്ലാവരും പ്രതീക്ഷിച്ചതുപോലെ ഉച്ചയോടുകൂടി ഡൽഹിയിലെ ബിജെപി ആസ്ഥാനത്തെത്തി ഖുശ്‌ബു ബിജെപി അംഗത്വമെടുക്കുകയായിരുന്നു.

അതേസമയം, ബിജെപിയിലേക്കുള്ള ഖുശ്ബുവിന്റെ രംഗപ്രവേശത്തിന് പിന്നിൽ സിനിമയിലെ തന്നെ മറ്റൊരു സുഹൃത്തിന്റെ ശക്തമായ പിന്തുണയുണ്ടായിരുന്നതായാണ് ചില കേന്ദ്രങ്ങളിൽ നിന്ന് പുറത്തുവരുന്ന സൂചന. മലയാളത്തിന്റെ ആക്ഷൻ സ്‌റ്റാറും ബിജെപി എംപിയുമായ സുരേഷ് ഗോപി തന്നെയാണ് ആ സുഹൃത്തെന്നാണ് പ്രസ്‌തുത കേന്ദ്രങ്ങൾ പറയുന്നത്. ഖുശ്ബുവുമായി സുരേഷ് ഗോപിയ്‌ക്ക് വർഷങ്ങളായുള്ള സൗഹൃദമുണ്ട്. ഖുഷ്‌ബുവിന്റെ വരവ് തമിഴ്നാട്ടിൽ ബിജെപിയ്‌ക്ക് ശക്തമായ പിന്തുണ നൽകുമെന്നാണ് നേതാക്കൾ കരുതുന്നത്.


എന്നാൽ ഖുശ്ബുവിന് പ്രത്യയശാസ്ത്രപരമായ പ്രതിബദ്ധതയില്ലെന്നും, ഖുശ്ബു പാർട്ടി വിട്ടത് വരാനിരിക്കുന്ന തമിഴ്നാട് നിയമസഭ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നുമാണ് കോൺഗ്രസ് പ്രതികരിച്ചത്. ഖുശ്ബു അങ്ങനെ ചെയ്തത് ദൗർഭാഗ്യകരമാണെന്നും ഈ നീക്കം തമിഴ്നാട് രാഷ്ട്രീയത്തിൽ യാതൊരു ചലനവും ഉണ്ടാക്കില്ലെന്നും സംസ്ഥാനത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി. ജനറൽ സെക്രട്ടറി ദിനേശ് ഗുണ്ടുറാവു വാർത്ത ഏജൻസിയായ പി.ടി.ഐയോടു പ്രതികരിച്ചു.

ഈ വിഷയങ്ങൾകൊണ്ടൊന്നും ഞങ്ങൾ പിന്നോട്ടില്ല. ഖുശ്ബുവിന്റെ നീക്കത്തിന് യാതൊരു സ്വാധീനവും സൃഷ്ടിക്കാനാകില്ല. ഖുശ്ബു ഒരു നടിയായതിനാൽ ഈ വിഷയം മാദ്ധ്യമങ്ങൾ കുറച്ചുദിവസത്തേക്ക് കൈകാര്യം ചെയ്യും. പിന്നീട് ഈ വിഷയം മാഞ്ഞുപോകുമെന്നും ഗുണ്ടുറാവു കൂട്ടിച്ചേർത്തു.

സംസ്ഥാനത്ത് വലിയതോതിൽ ബിജെപി. വിരുദ്ധ വികാരം നിലനിൽക്കുന്നതിനാൽ ഖുശ്ബുവിന്റെ വരവ് ബി.ജെ.പിക്ക് ഗുണം ചെയ്യില്ലെന്നും ഗുണ്ടുറാവു പറഞ്ഞു. രാഷ്ട്രീയം മാത്രമല്ല, മറ്റു ചില കാരണങ്ങൾ കൊണ്ടു കൂടിയാണ് ഖുശ്ബു ബിജെപിയിൽ ചേർന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എന്നാൽ,​ പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ താൻ ആഗ്രഹിക്കുന്നെങ്കിലും തനിക്ക് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യമാണ് നിലവിലുള്ളതെന്ന് ചൂണ്ടിക്കാട്ടിയാണ് ഖുശ്ബു സോണിയാ ഗാന്ധിക്ക് രാജിക്കത്ത് നൽകിയത്. അടിസ്ഥാന യാഥാർഥ്യങ്ങളുമായി ബന്ധമില്ലാത്ത, ജനസമ്മതിയില്ലാത്ത ചിലരാണ് പാർട്ടിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും പാർട്ടിക്കുവേണ്ടി പ്രവർത്തിക്കാൻ ആഗ്രഹിക്കുന്ന തന്നെപ്പോലുള്ളവർ തഴയപ്പെടുന്നെന്നും അവർ രാജിക്കത്തിൽ ചൂണ്ടിക്കാണിച്ചിരുന്നു.

അടുത്തിടെയായി കോൺഗ്രസ് തമിഴ്നാട് ഘടകവുമായി അവർ അകന്ന് കഴിയുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തത് സംബന്ധിച്ചും ഖുശ്ബുവിന് അതൃപ്‌തിയുണ്ടായിരുന്നു. കഴിഞ്ഞ ദിവസം പാർട്ടി വിടുന്ന കാര്യം സൂചിപ്പിച്ച് ഖുശ്‌ബു ട്വീറ്റ് ചെയ്തിരുന്നു. 'പലരും എന്നിൽ ഒരു മാറ്റം ആഗ്രഹിക്കുന്നു. ധാരണകൾ മാറുകയാണ്. ചിന്തകൾക്കും ആശയങ്ങൾക്കും പുതിയ രൂപം എടുക്കുകയാണ്'. മാറ്റം അനിവാര്യമാണെന്നും ഖുശ്ബു ട്വീറ്റിൽ കുറിച്ചിരുന്നു. അടുത്ത വർഷം തമിഴ്നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ഖുശ്ബുവിന്റെ പുതിയ നീക്കം.