56

ബീജിംഗ്: ആശങ്ക പടർത്തി ചൈനയിൽ വീണ്ടും കൊവിഡ് വ്യാപനം. ചൈനയിലെ കിഴക്കൻ നഗരമായ ക്വിങ്‌ദാവോയിലെ മുൻസിപ്പൽ ചെസ്റ്റ് ആശുപത്രിയിൽ എട്ട് കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രോഗികളിൽ ഒരാളുടെ ബന്ധുവിനും കൊവിഡ് പോസിറ്റീവായി. ഇതോടെ, ക്വിങ്‌ദാവോയിൽ 90 ലക്ഷം പേരുടെ സാമ്പിൾ പരിശോധിക്കാൻ തയ്യാറെടുക്കുകയാണ് ചൈനീസ് ഭരണകൂടം. പുതിയ രോഗബാധിതരുടെ ഉറവിടം കണ്ടെത്താൻ ശ്രമിക്കുകയാണെന്ന് നാഷണൽ ഹെൽത്ത് കമ്മിഷൻ (എൻ.എച്ച്.സി) വ്യക്തമാക്കി. അഞ്ച് ദിവസം കൊണ്ട് നഗരം മുഴുവൻ പരിശോധിക്കുമെന്ന് എൻ.എച്ച്.സി പറഞ്ഞു.

രണ്ട് മാസത്തിനിടെ ഒരൊറ്റ കൊവിഡ് കേസുപോലും ചൈനയിൽ റിപ്പോർട്ട് ചെയ്തിരുന്നില്ല. വ്യാപാരത്തിനും യാത്രയ്ക്കും ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ചൈനീസ് ഭരണകൂടം നീക്കിയിരുന്നു. എന്നിരുന്നാലും, ജാഗ്രതയുടെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളിലും പൊതു സ്ഥലങ്ങളിലും നിരീക്ഷണം ശക്തമാണ്. കൊവിഡിന്റെ പ്രഭവകേന്ദ്രമായി കണക്കാക്കപ്പെടുന്ന ചൈനയിൽ

2019 ഡിസംബറിലാണ് ആദ്യമായി കൊവിഡ് റിപ്പോർട്ട് ചെയ്തത്. ചൈനയിൽ ഇതുവരെ 4,634 പേർ കൊവിഡ് ബാധിച്ച് മരിച്ചു. 85,578 പേർ രോഗബാധിതരായി.

മൊബൈൽ സ്ക്രീനിലും കറൻസിയിലും കൊറോണ

വൈറസ് 28 ദിവസം വരെ നിലനിൽക്കുമെന്ന് പഠനം

കറൻസി നോട്ടുകളിലും മൊബൈൽ ഫോൺ പ്രതലങ്ങളിലും അനുകൂല താപനിലയിൽ കൊവിഡ് വൈറസ് 28 ദിവസം വരെ നിലനിൽക്കുമെന്ന് ആസ്ട്രേലിയയിലെ നാഷണൽ സയൻസ് ഏജൻസിയുടെ പഠനം. അധികം വെളിച്ചം കടക്കാത്ത സാഹചര്യത്തിലുള്ള ഇടങ്ങളിൽ 20 ഡിഗ്രി സെൽഷ്യസിൽ (68 ഡിഗ്രി ഫാരൻഹീറ്റ്) കൊറോണ വൈറസ് 28 ദിവസം വരെ നിലനിൽക്കുമെന്നാണ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുന്നത്. മൊബൈൽ സ്ക്രീനുകൾ പോലുള്ള സുഗമമായ പ്രതലങ്ങളിലും ഗ്ലാസ്, കറൻസി, സ്‌റ്റെയിൻലസ് സ്റ്റീൽ എന്നിവയിലുമെല്ലാം വൈറസിന് ഇത്രയും കാലം നിലനിൽക്കാനാകുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. അതേസമയം ശക്തമായ പ്രകാശമുള്ള സ്ഥലത്തല്ല ഈ പഠനം നടന്നത് എന്നും ഗവേഷകർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, കൂടുതൽ താപനിലയിൽ വൈറസിന് അതിജീവിക്കാൻ ചിലപ്പോൾ സാധിക്കില്ലെന്ന് പഠനം വ്യക്തമാക്കുന്നുവെന്ന് വാർത്താ ഏജൻസിയായ എ.എ.ഫ്.പി റിപ്പോർട്ട് ചെയ്യുന്നത്. അധികം പ്രകാശം ഇല്ലാത്ത ഇടങ്ങളിൽ 30 ഡിഗ്രി സെൽഷ്യസിൽ (86 ഡിഗ്രി ഫാരൻഹീറ്റ്), വൈറസിന്റെ അതിജീവന നിരക്ക് ഏഴു ദിവസമായി കുറയുകയും 40 ഡിഗ്രി സെൽഷ്യസിൽ (104 ഡിഗ്രി ഫാരൻഹീറ്റ്) വെറും 24 മണിക്കൂറായി കുറയുകയും ചെയ്യുമെന്നാണ് പഠനം പറയുന്നത്. പരുത്തി പോലുള്ള പ്രതലങ്ങളിൽ ചെറിയ കാലയളവിൽ വൈറസ് നിലനിൽക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഏറ്റവും കുറഞ്ഞ താപനിലയിൽ 14 ദിവസം വരെയും ഏറ്റവും ഉയർന്ന താപനിലയിൽ 16 മണിക്കൂറിൽ താഴെയുമാണ് ഇത്തരം പ്രതലങ്ങളിൽ വൈറസിന്റെ അതിജീവന ശേഷിയെന്നാണ് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുന്നത്.