swapna-and-ramees

തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി കടത്തിയ സ്വർണത്തിന്റെ അളവ് സംബന്ധിച്ച് സ്വപ്ന സുരേഷ് കബളിപ്പിക്കപ്പെട്ടതായി സൂചന. ഓരോ തവണയും സ്വപ്നയോടും സംഘത്തോടും വെളിപ്പെടുത്തിയിരുന്നതിലും കൂടുതൽ സ്വർണം റമീസ് കടത്തിയതായാണ് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചത്. ജൂണിൽ അവസാനത്തെ നയതന്ത്ര പാഴ്സൽ കസ്റ്റംസ് പിടിച്ചപ്പോഴാണ് ഇക്കാര്യം സ്വപ്നയ്ക്ക് മനസിലായത്. ഈ പാഴ്സലിൽ 10 കിലോഗ്രാം സ്വർണം എത്തുമെന്നാണ് സ്വപ്നയെ റമീസ് അറിയിച്ചിരുന്നത്. എന്നാൽ എത്തിയത് 30 കിലോ ആയിരുന്നു.

ഒരു കിലോ സ്വർണം കടത്തുമ്പോൾ 1000 ഡോളർ യു.എ.ഇ കോൺസൽ ജനറലിന് കമ്മിഷൻ നൽകണമെന്നായിരുന്നു റമീസിന്റെ നിർദ്ദേശം. 1000 ഡോളർ സ്വപ്നയ്ക്കും നൽകണം. ഇങ്ങനെ ലഭിക്കുന്ന 2000 ഡോളറും (1.47 ലക്ഷം രൂപ) ഓരോ കടത്തിനും ഹാൻഡ്ലിംഗ് ചാർജായി വാങ്ങുന്ന 50,000 രൂപയും സരിത്ത്, സന്ദീപ് നായർ എന്നിവരുമായി സ്വപ്ന തുല്യമായി പങ്കുവയ്ക്കുമെന്നായിരുന്നു ധാരണ. സ്വർണക്കടത്തിന്റെ കമ്മിഷൻ തുകയായി റമീസ് ഏറ്റവുമൊടുവിൽ കൈമാറിയ 97 ലക്ഷം രൂപയിൽ നല്ലൊരു ഭാഗം സ്വപ്ന സുരേഷ് ഉന്നതോദ്യോഗസ്ഥർക്കു വീതം വയ്ക്കുകയായിരുന്നു. പിടിക്കപ്പെടുന്നതിനു തൊട്ടുമുമ്പ് കടത്തിയ സ്വർണത്തിനായിരുന്നു ഇത്രയും തുക കമ്മിഷനായി നൽകിയത്. 21 തവണ സ്വർണം കടത്തിയെന്നാണ് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റിന്റെ നിഗമനം. എന്നാൽ, യഥാർത്ഥത്തിൽ എത്ര കിലോഗ്രാം സ്വർണമുണ്ടായിരുന്നെന്ന് റമീസിന് മാത്രമെ അറിയൂ.

21 തവണയായി 83 കിലോ സ്വർണം കടത്തിയതിന് സ്വപ്നയ്ക്കും സരിത്തിനും പ്രതിഫലമായി ലഭിച്ചത് 69.60 ലക്ഷം രൂപയാണ്. ഇതിൽ 27.01 ലക്ഷം വീതം സ്വപ്നയ്ക്കും സരിത്തിനും ലഭിച്ചപ്പോൾ സന്ദീപ് നായർക്ക് 13.41 ലക്ഷവം രൂപ ലഭിച്ചുവെന്നും എൻഫോഴ്സ്‌മെന്റിന് നൽകിയ മൊഴിയിൽ സ്വപ്ന വെളിപ്പെടുത്തി.