kim-jong-un

സോൾ : കൊവിഡ് 19 പൊട്ടിപ്പുറപ്പെട്ട പ്രക്ഷുബ്ദമായ സമയങ്ങളിൽ രാജ്യത്തെ നയിക്കുന്നതിൽ പരാജയപ്പെട്ടതിൽ കണ്ണീരോടെ ക്ഷമാപണം നടത്തി ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. ഉത്തര കൊറിയയിലെ ഭരണകക്ഷികളായ വർക്കേഴ്സ് പാർട്ടിയുടെ 75ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി നടന്ന വമ്പൻ മിലിട്ടറി പരേഡിനിടെയാണ് ഏവരെയും ഞെട്ടിച്ചു കൊണ്ട് കിം വികാരഭരിതനായത്. ജീവിതത്തിൽ ഇതാദ്യമായാണ് കിം ജനങ്ങളോട് മാപ്പു പറഞ്ഞതെന്നാണ് റിപ്പോർട്ട്.

' ആകാശത്തോളം ഉയരത്തിലും കടലോളം ആഴത്തിലും ജനങ്ങൾ എന്നിൽ വിശ്വാസം അർപ്പിച്ചു. എന്നാൽ എല്ലായ്പ്പോഴും അവരെ തൃപ്തരാക്കുന്നതിൽ ഞാൻ പരാജയപ്പെട്ടു. അതിൽ ഞാൻ വളരെയധികം ഖേദിക്കുന്നു. ' കണ്ണടകൾ മാറ്റി കണ്ണുനീർ തുടച്ചുകൊണ്ട് കിം പറഞ്ഞു. ഒരു ബ്രിട്ടീഷ് മാദ്ധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടിരിക്കുന്നത്.

' മഹാന്മാരായ സഖാക്കൾ കിം ഇൽ സൂംഗും, കിം ജോംഗ് ഇല്ലും ( കിമ്മിന്റെ മുത്തച്ഛനും അച്ഛനും ) ഈ രാജ്യത്തെ നയിക്കുക എന്ന സുപ്രധാനമായ ഉത്തരവാദിത്വം എന്ന ഏല്പിച്ചിട്ടുണ്ട്. ജനങ്ങൾക്ക് എന്നിലുള്ള വിശ്വാസത്തിന് നന്ദി. എന്റെ പരിശ്രമങ്ങളും ആത്മാർത്ഥതയും നമ്മുടെ ജനങ്ങളെ അവരുടെ ജീവിത പ്രതിസന്ധികളിൽ നിന്നും മോചിപ്പിക്കാൻ പര്യാപ്‌തമായില്ല. ' കിം പറയുന്നു.

തലസ്ഥാന നഗരമായ പ്യോംഗ്യാംഗിൽ നടന്ന പരേഡിൽ പുതിയ ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ ഉൾപ്പെടെയുള്ള മിലിട്ടറി ആയുധങ്ങൾ അനാച്ഛാധനം ചെയ്യുകയും ചെയ്തു. അതേ സമയം, ഉത്തര കൊറിയൻ ജനതയുടെ പിന്തുണ പിടിച്ചു പറ്റാനാണ് കിം തന്റെ പ്രസംഗത്തിന്റെ ഒരു ഭാഗം ഉപയോഗിച്ചതെന്നാണ് നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നത്.

കൊവിഡ് മുൻനിറുത്തി ചൈന തങ്ങളുടെ അതിർത്തികൾ അടച്ചതോടെ സാമ്പത്തിക രംഗത്ത് ഉത്തര കൊറിയയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. അതേ സമയം, രാജ്യത്ത് ഇതുവരെ കൊവിഡ് കേസുകൾ ഇല്ലെന്നാണ് കിം പറയുന്നത്. കിമ്മിന്റെ ആണവായുധ പരീക്ഷണങ്ങളെ തുടർന്ന് ഉത്തര കൊറിയയ്ക്ക് മേൽ ഏർപ്പെടുത്തപ്പെട്ട അന്താരാഷ്ട്ര ഉപരോധങ്ങളും പ്രളയം ഉൾപ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളും ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിട്ടിരുന്നു.