
ഇന്തൊനേഷ്യ: കൊവിഡ് മഹാമാരി ലോകത്തെ കീഴടക്കിയെങ്കിലും മാസ്കും സാനിറ്റൈസറും സാമൂഹിക അകലവുമൊക്കെയായി തിരിച്ചുവരവിന്റെ പാതയിലാണ് നമ്മൾ. എന്നാൽ, മനുഷ്യർ മാത്രം ഇത്തരം സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചാൽ മതിയാകില്ലെന്ന് തെളിയിച്ച് മാതൃകയായിരിക്കുകയാണ് ഇന്തൊനേഷ്യയിലെ ഗരുഡ വിമാന സർവീസ്.
തങ്ങളുടെ അഞ്ചോളം വിമാനങ്ങൾ അണുനശീകരണം ചെയ്തതിനു പുറമേ ആ വിമാനങ്ങൾക്ക് മാസ്കിടുകയും ചെയ്തിരിക്കുകയാണ് അധികൃതർ. തുണി കൊണ്ടുള്ള മാസ്ക് ധരിപ്പിക്കുന്നതിനു പകരം മാസ്ക് വരച്ചു ചേർക്കുകയായിരുന്നു. ഇന്തോനേഷ്യൻ സർക്കാരിന്റെ പിന്തുണയോടെ 'ആയോ പകായ് മാസ്കർ' (നമുക്ക് മാസ്ക് ധരിക്കാം) എന്ന ക്യാമ്പെയിനിന്റെ ഭാഗമായാണ് ഗരുഡ സർവീസ് തങ്ങളുടെ വിമാനങ്ങൾക്കും മാസ്കിട്ടത്. ജനങ്ങളെ മാസ്കിനെക്കുറിച്ച് കൂടുതൽ ബോധവാന്മാരാക്കുന്നത് തങ്ങളുടെ ലക്ഷ്യമാണെന്ന് ഗരുഡ ഡയറക്ടർ ഇർഫാൻ സെതിയപുത്ര പറയുന്നു. ആഭ്യന്തര സർവീസുകൾക്കും സിംഗപ്പൂർ, ജപ്പാൻ രാജ്യങ്ങളിലേക്കുള്ള സർവീസുകൾക്കുമാണ് മാസ്ക് വിമാനം ഉപയോഗിക്കുക. 60 ജീവനക്കാർ 120 മണിക്കൂർ പ്രയത്നിച്ചാണ് മാസ്ക് വരച്ചു ചേർത്തത്.