megan

വാഷിംഗ്ടൺ: തനിയ്ക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് ബ്രിട്ടീഷ് രാജകുടുംബാംഗമായ ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മെർക്കൽ. ലോകമാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി ഒരു ടീനേജ് തെറാപ്പി പോഡ്കാസ്റ്റിനു നൽകിയ അഭിമുഖത്തിലാണ് മേഗന്റെ പ്രതികരണം. ഹാരിയും അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. ‘ 2019 ൽ ലോകത്തെ മുഴുവൻ പുരുഷന്മാരിലും സ്ത്രീകളിലും വച്ച് ഏറ്റവുമധികം ട്രോൾ ചെയ്യപ്പെട്ട വ്യക്തിയാണ് ഞാനെന്നാണ് കേട്ടത്. അമ്മയാവുന്നതിന്റെ ഭാഗമായി എട്ട് മാസത്തോളമായി ഞാൻ എല്ലാത്തിൽ നിന്നും മാറി നിൽക്കുകയായിരുന്നു, എന്നാൽ, ഇതിനെ മറികടക്കുക പ്രയാസമാണ്. നിങ്ങൾക്കെന്താണ് തോന്നുന്നതെന്ന് മനസിലാക്കാൻ പോലും പറ്റില്ല. നിങ്ങളെപ്പറ്റി പതിനഞ്ചോ ഇരുപത്തിയഞ്ചോ പേർ എന്തെങ്കിലും സത്യമല്ലാത്ത കാര്യങ്ങൾ പറയുമ്പോൾ അത് നിങ്ങളുടെ മാനസിക ആരോഗ്യത്തെ വളരെ ദോഷകരമായാണ് ബാധിക്കുന്നത്,’ മേഗൻ പറഞ്ഞു. ഹാരിയുമായുള്ള വിവാഹത്തിനു ശേഷം ബ്രിട്ടീഷ് ടാബ്ലോയ്ഡുകളിൽ നിരന്തരമായി മേഗനെതിരെ വാർത്തകൾ വന്നിരുന്നു. വിവാഹ മോചിത, ആഫ്രിക്കൻ പാരമ്പര്യം, ബ്രിട്ടീഷ് കുടുംബത്തിൽ നിന്നും പുറത്തുള്ള ആൾ, ഹാരിയെക്കാൾ മൂന്നു വയസ് കൂടുതൽ, അഭിനേത്രി, മേഗനും പിതാവും തമ്മിലുള്ള അകൽച്ച തുടങ്ങിയ കാരണങ്ങൾ അവർക്കെതിരെ മാദ്ധ്യമങ്ങൾ ആയുധമാക്കി. ഒരു ഘട്ടത്തിൽ ഹാരി മാദ്ധ്യമങ്ങളുടെ ആക്രമണത്തിനെതിരെ ക്ഷുഭിതനാവുകയും ചെയ്തിരുന്നു.

2020 മാർച്ച് 31 ന് ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഔദ്യോഗിക ചുമതലകളിൽ നിന്നും ഇരുവരും പടിയിറങ്ങിയിരുന്നു. കാനഡയിലും ബ്രിട്ടനിലുമായി മകൻ ആർച്ചിക്കൊപ്പം പുതിയ ജീവിതം തുടങ്ങാനായിരുന്നു ഇരുവരുടെയും പദ്ധതി. എന്നാൽ, പിന്നീട് ഇരുവരും യു.എസിലേക്ക് താമസം മാറുകയായിരുന്നു.