
ജൊഹാന്നാസ്ബർഗ്: നെൽസൺ മണ്ടേല അടക്കം പ്രമുഖരുടെ അഭിഭാഷകയും ദക്ഷിണാഫ്രിക്കയിലെ മനുഷ്യാവകാശ പോരാട്ടത്തിന്റെ മുൻനിര പോരാളിയും ഇന്ത്യൻ വംശജയുമായ പ്രിസ്കില്ല ജന (76) അന്തരിച്ചു. ദീർഘകാലമായി ചികിത്സയിലായിരുന്നു. ദക്ഷിണാഫ്രിക്കൻ ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ വൈസ് ചെയർപേഴ്സൻ, പാർലമെന്റ് അംഗം, ദക്ഷിണാഫ്രിക്കൻ സ്ഥാനപതി, പ്രസിഡന്റിന്റെ നിയമോപദേശക എന്നീ നിലകളിലെല്ലാം പ്രവർത്തിച്ചിരുന്ന പ്രിസ്കില്ല വർണവിവേചനത്തിനെതിരായ സ്വാതന്ത്ര്യസമര നായികമാരിൽ ഒരാളുമായിരുന്നു. നെൽസൺ മണ്ടേല, വിന്നി മണ്ടേല, ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു, വാൾട്ടർ സിസുസ്ലു, ഗോവൻ എംബെകി, അഹമ്മദ് കത്രഡ, ഇബ്രാഹിം ഇബ്രാഹിം, സോളമൻ മഹ്‌ലാങ്കു, സ്റ്റീവ് ബിക്കോ എന്നിവരുടെയെല്ലാം അഭിഭാഷകയായിരുന്നു. പ്രായപൂർത്തിയായശേഷമുള്ള ജീവിതം മുഴുവൻ വർണവിവേചനത്തിനെതിരായ പോരാട്ടത്തിനാണ് ചെലവഴിച്ചതെന്നും അതിൽ ഒരു നിമിഷംപോലും ഖേദിക്കുന്നില്ലെന്നും 'ഫൈറ്റിംഗ് ഫോർ മണ്ടേല' എന്ന പേരിലുള്ള തന്റെ ആത്മകഥയിൽ പ്രിസ്കില്ല പറയുന്നുണ്ട്. ഇന്ന് അനുഭവിക്കുന്ന ഭരണഘടനാ ജനാധിപത്യത്തിനുവേണ്ടി നിസ്വാർത്ഥമായി സേവനം ചെയ്ത മഹദ്വ്യക്തിത്വത്തെയാണ് നഷ്ടമായതെന്ന് ദക്ഷിണാഫ്രിക്കൻ ഹ്യൂമൻ റൈറ്റ്സ് കമ്മിഷൻ അനുശോചനസന്ദേശത്തിൽ അറിയിച്ചു.