
ടെക്സാസ്: കൊമ്പുകൊണ്ട് ഒരു ലോക റെക്കോഡ് നേടി മുമ്പനായിരിക്കുകയാണ് ടെക്സാസിലെ ടഫ് ചെക്സ് എന്ന കാളക്കുട്ടൻ. ലോകത്തിലെ ഏറ്റവും വിടർന്ന കൊമ്പെന്ന റെക്കോഡാണ് ചെക്സിനെ തേടി എത്തിയിരിക്കുന്നത്. വിടർന്ന കൊമ്പുമായി തലകുലുക്കിയിരിക്കുന്ന ചെക്സിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. 265.5 സെന്റിമീറ്ററാണ് ചെക്സിന്റെ കൊമ്പുകളുടെ നീളം. ഈ വിഭാഗത്തിലെ കാളകളുടെ കൊമ്പിന്റെ ഇരട്ടി നീളമാണിത്. ഒക്കഹാമയിലെ ഓവർഹുക്കിൽ ബ്രീഡ് ചെയ്യപ്പെട്ട ചെക്സ് 2017ലണ് ടെക്സാസിലെത്തിയത്. ഒരു ക്രിസ്മസ് ട്രീയെക്കാൾ നീളമുള്ള കൊമ്പ് എന്നാണ് ചെക്സിന്റെ കൊമ്പുകളെ ഗിന്നസ് വേൾഡ് റെക്കോഡ് അധികൃതർ വിശേഷിപ്പിച്ചിരിക്കുന്നത്. അഞ്ചു ലക്ഷം ഡോളറാണ് ഈ കൊമ്പന്റെ വില. ചെക്സിനെ കാണാനും ഒപ്പം നിറുത്തി ചിത്രമെടുക്കാനുമൊക്കെ നിരവധി പേരാണ് എത്തുന്നത്. ഗിന്നസിന്റെ ഔദ്യോഗിക ട്വിറ്റർ, ഇൻസ്റ്റഗ്രാം പേജിലും ചെക്സിയാണ് തിളങ്ങുന്നത്.