sabarimala

പത്തനംതിട്ട: ശബരിമലയിലെ തുലാമാസ പൂജാനാളുകളിൽ ഭക്തർക്ക് മാസ്കില്ലാതെ മല ചവിട്ടാം. മാസ്കിട്ട് മല ചവിട്ടിയാൽ ശ്വാസം കിട്ടില്ലെന്നാണ് ആരോഗ്യവകുപ്പ് അധികൃതർ പറയുന്നത്.

സാമൂഹിക അകലം പാലിച്ച് മല ചവിട്ടണമെന്നാണ് നിർദ്ദേശം. ദർശനം നിയന്ത്രിച്ചിട്ടുള്ളതിനാൽ പമ്പയിലും സന്നിധാനത്തും തിരക്കുണ്ടാവില്ലെന്നാണ് വിലയിരുത്തൽ. പതിനെട്ടാംപടി കയറുന്ന ആദ്യത്തെയാൾ നാലാമത്തെ പടിയിലെത്തിയാലേ അടുത്തയാളെ പടി കയറാൻ അനുവദിക്കൂ.

ദർശനത്തിന് പൊലീസിന്റെ വെർച്വൽ ക്യൂ ബുക്കിംഗ് പൂർത്തിയായി. വെബ്സൈറ്റ് തുറന്ന ശനിയാഴ്ച രാത്രി രണ്ടു മണിക്കൂറിനുള്ളിൽത്തന്നെ ബുക്ക് ചെയ്തവർ 1250 ആയി. ഇത്രയും പേർക്കേ ദർശനമുണ്ടാവൂ. 250 പേർക്ക് വീതം അഞ്ചു ദിവസമാണ് ദർശനം ക്രമീകരിച്ചിരിക്കുന്നത്. വെളളിയാഴ്ച വൈകിട്ടാണ് നട തുറക്കുന്നത്. ബുധനാഴ്ച രാത്രി അടയ്ക്കും.

പൊലീസിന്റെ വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്തവർ നിശ്ചിത ദിവസം ദർശനം നടത്തി മടങ്ങണമെന്നാണ് നിർദ്ദേശം. തീയതി കഴിഞ്ഞ് വരുന്നവർ നിലയ്ക്കലിൽ ഫീസടച്ച് ആന്റിജൻ പരിശോധനയ്ക്ക് വിധേയമാകണം. സന്നിധാനത്ത് വിരി വച്ച് തങ്ങാൻ അനുവദിക്കില്ല.