nobel

കൊച്ചി: ആധുനി​ക ലോകത്തി​ൽ അനിവാര്യമാണ് ലേലം. പച്ചക്കറി,​ മീൻ,​ മൊബൈൽ സിഗ്‌നലുകൾക്കുള്ള സ്‌പെക്‌ട്രം എന്നിങ്ങനെ ഓരോ വസ്‌തുവിനും/സേവനത്തിനും ലേലത്തിന്റെ കഥ പറയാനുണ്ടാകും.

ഒരു വസ്‌തുവിന് ഒരുപാടുപേർ ചേർന്ന് വിലയിടുകയും ഏറ്റവും ഉയർന്ന വില പറയുന്നയാൾക്ക് അത് സ്വന്തമാകുകയും ചെയ്യുന്ന സംവിധാനമാണ് ലേലം. ഏറ്റവും കുറഞ്ഞ വിലയ്ക്ക് നൽകുന്നയാളിൽ നിന്ന് വാങ്ങുന്നതും ലേലമാണ്.

ഇത്തരം ലേലങ്ങളിൽ എന്താകും യഥാർത്ഥ വില?​ ആർക്കാണ് ലാഭ നഷ്‌ടങ്ങൾ ?​ മറിച്ചുവിൽക്കുമ്പോൾ ലാഭമുണ്ടാകുമോ?​ ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരമെന്നോണം പുതിയ ലേല സിദ്ധാന്തം ആവിഷ്‌കരിച്ച രണ്ടു പേരാണ് ഇത്തവണത്തെ സാമ്പത്തികശാസ്‌ത്ര നോബലിന് അർഹരായത്. അമേരിക്കക്കാരായ പോൾ ആർ. മിൽഗ്രോമും റോബർട്ട് ബി. വിൽസണും.

പുതിയ ലേല സിദ്ധാന്തം

1990കളിലാണ് അമേരിക്കയിലെ ഫെഡറൽ കമ്മ്യൂണിക്കേഷൻസ് കമ്മിഷൻ (എഫ്.സി.സി)​ ടെലികോം സ്‌പെക്‌ട്രത്തിന്റെ വില്പന തുടങ്ങിയത്. കമ്പനികൾ കാരണസഹിതം സമീപിച്ചാൽ ലഭ്യമാക്കുന്ന സമ്പ്രദായത്തി​ൽ എഫ്.സി.സിക്ക് സാമ്പത്തിക ലാഭമുണ്ടായില്ല. പ്രാദേശിക അടിസ്ഥാനത്തിൽ നറുക്കെടുപ്പ് നടത്തിയെങ്കിലും വലി​യ ഗുണമുണ്ടായി​ല്ല. 1993ൽ ലേലം ആരംഭിച്ചപ്പോൾ വിവിധ പ്രദേശങ്ങളിലെ സ്‌പെക്‌ട്രത്തിന് പല വിലയാണെന്നത് തിരിച്ചടിയായി.

ഈ പ്രശ്‌നത്തിന് പരിഹാരമായാണ് പോൾ ആർ. മിൽഗ്രോമും റോബർട്ട് ബി. വിൽസണും ചേർന്ന് 'സൈമൾട്ടേനിയസ് മൾട്ടിപ്പിൾ റൗണ്ട് ഓക്‌ഷൻ" എന്ന ലേല പരിഷ്‌കാരം കൊണ്ടുവന്നത്.

ലാഭത്തിന്റെ ലേലം

കുറഞ്ഞ വിലയിൽ തുടങ്ങി,​ പലവട്ടം ലേലം വിളിക്കാൻ ഓരോരുത്തരെയും അനുവദിക്കുന്നതാണ് സൈമൾട്ടേനിയസ് മൾട്ടിപ്പിൾ റൗണ്ട് ഓക്‌ഷൻ. യഥാർത്ഥ വിലയോ അതിനടുത്ത വിലയോ നൽകി ആ ഉത്‌പന്നം/സേവനം നേടാൻ ഇത് സഹായകമായി.

അതുവരെ സ്‌പെക്‌ട്രം വില്പനയിലൂടെ വരുമാനമൊന്നും കിട്ടാതിരുന്ന അമേരിക്കയിലെ എഫ്.സി.സിക്ക് പുതിയ സിദ്ധാന്തത്തിലൂടെ വൻ ലാഭം ലഭിച്ചു. ആഗോളതലത്തിൽ ഒട്ടേറെ രാജ്യങ്ങൾ പുതി​യ രീതി​യി​ലേക്ക് മാറി​.

ഇന്ത്യയ്ക്കും ഗുണം

വിൽക്കുന്നയാൾക്കും വാങ്ങുന്നയാൾക്കും നികുതിദായകർക്കും ഒരുപോലെ ഗുണമാണെന്നതാണ് പുതിയ സിദ്ധാന്തത്തിന്റെ മികവ്.

1994-2004 കാലയളവിൽ അമേരിക്കൻ എഫ്.സി.സി ഇതുവഴി മാത്രം നേടിയ വരുമാനം 12,​000 കോടി ഡോളറാണ്. ആഗോളതലത്തിൽ 20,000 കോടിയിലേറെ ഡോളറിന്റെ ലേലവും നടന്നു.

ഇന്ത്യ,​ ബ്രിട്ടൻ,​ സ്വീ‌ഡൻ. കാനഡ,​ നോർവേ,​ ഫിൻലൻഡ്,​ പോളണ്ട്,​ ജർമ്മനി,​ സ്‌പെയിൻ രാജ്യങ്ങളും ഈ സിദ്ധാന്തമാണ് ഉപയോഗിക്കുന്നത്.