
റോം : 15 വർഷങ്ങൾക്ക് മുമ്പ് തെക്കൻ ഇറ്റലിയിലെ പുരാതന നഗരമായ പോംപെയിൽ നിന്നും ' അടിച്ചു മാറ്റിയ ' വസ്തുക്കൾ തിരികെ നൽകി കാനഡക്കാരി. വസ്തുക്കൾ ' ശാപം കിട്ടിയവ ' ആണെന്ന് പറഞ്ഞാണ് ഇവർ ചരിത്ര ശേഷിപ്പുകൾ തിരികെ നൽകിയത്. രണ്ട് മൊസൈക് ടൈലുകൾ, ആംഫറയുടെ ( രണ്ടു കൈകളോട് കൂടിയ വലിയ മൺപാത്രം ) ഭാഗങ്ങൾ, സെറാമിക് കഷണങ്ങൾ എന്നിവയും ഒപ്പം കുറ്റസമ്മതം നടത്തിക്കൊണ്ടുള്ള ഒരു കത്തും പോംപെയിലെ ഒരു ട്രാവൽ ഏജന്റിന് അയച്ചു കൊടുക്കുകയായിരുന്നു. പാഴ്സലിൽ നിക്കോൾ എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്.
2005ലാണ് 36കാരിയായ നിക്കോൾ പോംപെയിലെ ആർക്കിയോളജിക്കൽ പാർക്ക് സന്ദർശിച്ചത്. ഒരു തമാശയ്ക്ക് വേണ്ടിയാണ് താൻ ചരിത്ര പ്രാധാന്യമുള്ള വസ്തുക്കൾ മോഷിടിച്ചതെന്ന് നിക്കോൾ പറയുന്നു. പക്ഷേ, അതിന് ശേഷം നിക്കോളിനെ തേടി ദുരന്തങ്ങളുടെ കൂമ്പാരമായിരുന്നു. രണ്ട് തവണ സ്തനാർബുദം പിടിപ്പെട്ടു. സാമ്പത്തികമായി തകർന്നു. പോംപെയിൽ നിന്നും അനുവാദമില്ലാതെ താൻ വസ്തുക്കൾ കടത്തിക്കൊണ്ടു വന്നതിന്റെ ശാപമാണിതെന്ന് നിക്കോൾ പറയുന്നു.
എഡി 79ൽ മൗണ്ട് വെസൂവിയസ് അഗ്നിപർവത സ്ഫോടനത്തെ തുടർന്ന് തകർന്നടിഞ്ഞ നഗരമാണ് പോംപെയ്. ആയിരക്കണക്കിന് പേരാണ് അന്ന് മരിച്ചത്. അഗ്നിപർവതസ്ഫോടനത്തെ തുടർന്ന് വമിച്ച ചാരത്തിനടിയിലായിരുന്നു 16ാം നൂറ്റാണ്ട് വരെ പോംപെയ് നഗരം. ഇറ്റലിയിൽ ഏറ്റവും കൂടുതൽ ടൂറിസ്റ്റുകൾ എത്തുന്ന ഇടമാണിത്. വിനോദസഞ്ചാരികളിൽ ചിലർ ഇവിടുത്തെ ചരിത്ര ശേഷിപ്പുകളുമായി കടന്നുകളയുക പതിവാണ്. എന്നാൽ സന്ദർശനത്തിന്റെ ഓർമയ്ക്കായാണ് പലരും ഈ പ്രവൃത്തി ചെയ്യുന്നത്. അതേ സമയം, ഇവ ഓൺലൈനിലും മറ്റ് വിറ്റ് കാശാക്കാൻ ശ്രമിക്കുന്നവരുമുണ്ട്. നിക്കോൾ മാത്രമല്ല, അന്ന് പോംപെയിൽ നിന്നും നിക്കോളിനൊപ്പം ചില കല്ലുകൾ മോഷ്ടിച്ച കനേഡിയൻ ദമ്പതികളും ക്ഷമാപണത്തോടെ അത് തിരിച്ചയിച്ചിട്ടുണ്ട്.