
ലക്നൗ: ഉത്തർപ്രദേശിലെ ഝാൻസിയിൽ കോളേജ് കാമ്പസിൽ വച്ച് 17കാരിയെ ബലാത്സംഗം ചെയ്തെന്ന് പരാതി. യു.പി പ്രൊവിൻഷ്യൽ സിവിൽ സർവീസ് പ്രാഥമിക പരീക്ഷ ഞായറാഴ്ച കോളേജിൽ നടന്നതിനിടെയാണ് സംഭവമുണ്ടായത്.
സുഹൃത്തിനെ കാണാൻ പോയ തന്നെ ഒരു സംഘം യുവാക്കൾ ബലം പ്രയോഗിച്ച് കോളേജ് കാമ്പസിലേക്ക് കൊണ്ടുപോയി ഉപദ്രവിച്ചെന്ന് പത്താംക്ലാസ് വിദ്യാർത്ഥിനി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. സംഘത്തിലൊരാൾ തന്നെ മാനഭംഗപ്പെടുത്തി. മറ്റുള്ളവർ ദൃശ്യങ്ങൾ പകർത്തി. കൈവശമുണ്ടായിരുന്ന 2000 രൂപ പിടിച്ചുവാങ്ങി. സുഹൃത്തിനെ മർദ്ദിച്ചു. സംഭവത്തെപ്പറ്റി പുറത്ത് പറഞ്ഞാൽ വീഡിയോ ദൃശ്യങ്ങൾ വൈറലാക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.
കേസിലെ മുഖ്യ പ്രതികളായ രോഹിത് സൈനി, ഭരത് കുശ്വാഹ എന്നിവരടക്കം എട്ടുപേരെ അറസ്റ്റു ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടി കാമ്പസിനകത്ത് എങ്ങനെ എത്തി എന്നതിനെക്കുറിച്ചും അന്വേഷിക്കുമെന്ന് പൊലീസ് കൂട്ടിച്ചേർത്തു. കോളേജിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥൻ മാത്രമാണ് ഉണ്ടായിരുന്നത്. അദ്ദേഹം സിവിൽ സർവീസ് പരീക്ഷയുടെ തിരക്കിലായിരുന്നുവെന്നാണ് കോളേജ് അധികൃതരുടെ വിശദീകരണം.
കോളേജിലെ രണ്ടാംവർഷ വിദ്യാർത്ഥികളാണ് കുറ്റാരോപിതരെന്ന് പ്രിൻസിപ്പൽ മാദ്ധ്യമങ്ങളോട് പറഞ്ഞു. കേസ് അന്വേഷണവുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.