film-awards

51-ാമത് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ നാളെ പ്രഖ്യാപിക്കാനിരിക്കുകയാണ്. തിരുവനന്തപുരം കിന്‍ഫ്രപാര്‍ക്കിലെ ചലച്ചിത്ര അക്കാദമിയില്‍ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 119 സിനിമകളുടെ സ്‌ക്രീനിംഗ് പൂര്‍ത്തിയായി കഴിഞ്ഞു. സാധാരണ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലാണ് പുരസ്‌കാര പ്രഖ്യാപനം നടക്കാറുള്ളതെങ്കിലും ഇക്കുറി കൊവിഡ് പശ്ചാത്തലത്തിലാണ് ഒക്ടോബറിലേക്ക് നീണ്ടുപോയത്.

കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് പുരസ്‌കാര നിര്‍ണയം നടന്നത്. വാശിയേറിയ മത്സരമാണ് ഇക്കുറി നടന്നിട്ടുള്ളത്. മികച്ച ചിത്രവും മികച്ച നടനും നടിയുമൊക്കെ ആരാകുമെന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.


മത്സരത്തിന് 119 സിനിമകള്‍

ഇത്തവണത്തെ ചലച്ചിത്ര അവാര്‍ഡിന് മത്സരിക്കാന്‍ റിലീസാവാത്ത ചിത്രങ്ങള്‍ ഉള്‍പ്പെടെ 119 സിനിമകളാണ് ഉള്ളത്.

ബിഗ് ബജറ്റ് ചിത്രങ്ങളായ മരക്കാര്‍ അറബിക്കടലിന്റെ സിഹം, മാമാങ്കം, ലൂസിഫര്‍ തുടങ്ങിയവയും മത്സരത്തിനുണ്ട്. അതിന് പുറമെ കഴിഞ്ഞ വര്‍ഷം ഏറെ ശ്രദ്ധിക്കപ്പെട്ട തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, കുമ്പളങ്ങി നൈറ്റ്‌സ്, വൈറസ്, പ്രതി പൂവന്‍കോഴി, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, അമ്പിളി, ഉണ്ട, പതിനെട്ടാം പടി, ഡ്രൈവിങ് ലൈസന്‍സ്, പൊറിഞ്ചു മറിയം ജോസ്, ജല്ലിക്കട്ട്, ഹെലന്‍, വെയില്‍മരങ്ങള്‍, കോളാമ്പി , ഉയരെ, തെളിവ്, ജലസമാധി, ഗ്രാമവൃക്ഷത്തിലെ കുയില്‍, ഫൈനല്‍സ്, അതിരന്‍, വികൃതി, ഹാസ്യം, മൂത്തോന്‍, സ്റ്റാന്‍ഡ് അപ്പ്, താക്കോല്‍, സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ, കെഞ്ചീര, അഭിമാനിനി, കള്ളനോട്ടം, ബിരിയാണി തുടങ്ങി നിരവധി സിനിമകള്‍ മത്സരത്തിനുണ്ട്.

മികച്ച നടൻ?

മോഹന്‍ലാലിന്റെ മൂന്നു ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. ലൂസിഫര്‍, മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്നിവയാണവ. മമ്മൂട്ടിയുടെ മാമാങ്കം, പതിനെട്ടാംപടി, ഉണ്ട എന്നീ ചിത്രങ്ങളാണ് പുരസ്‌കാരത്തിനായി മത്സരത്തിനുള്ളത്. മമ്മൂട്ടിയുടെ മണിസാര്‍ (ഉണ്ട) നിവിന്‍ പോളിയുടെ അക്ബര്‍ (മൂത്തോന്‍ ), ആസിഫ് അലിയുടെ സ്ലീവാച്ചന്‍ (കെട്ട്യോളാണ് എന്റെ മാലാഖ ), സുരാജ് വെഞ്ഞാറമൂട് ഭാസ്‌കര പൊതുവാള്‍ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി ), സൗബിന്‍ ഷാഹിറിന്റെ സജി (കുമ്പളങ്ങി നൈറ്റ്‌സ്, അമ്പിളി) ഇവരാണ് മികച്ച നടന്മാരുടെ ഗണത്തില്‍ മത്സരം നടക്കാന്‍ സാദ്ധ്യതയുള്ളവര്‍.

മികച്ച നടി ?
മികച്ച നടിയാകാനും ശക്തമായ മത്സരമുണ്ട്. പാര്‍വതി തിരുവോത്ത്(ഉയരെ), മഞ്ജു വാര്യര്‍(പ്രതി പൂവന്‍കോഴി), അന്ന ബെന്‍(ഹെലന്‍, കുമ്പളങ്ങി നൈറ്റ്‌സ്), രജിഷ വിജയന്‍(ഫൈനല്‍സ്, സ്റ്റാന്‍ഡപ്പ്), നിത്യ മേനോന്‍(കോളാമ്പി) തുടങ്ങി നിരവധി ശ്രദ്ധേയ കഥാപാത്രങ്ങളുമായി നടിമാര്‍ മുന്നിലുണ്ട്.


മധു അമ്പാട്ട് ജൂറി ചെയര്‍മാന്‍

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് ആണ് ഇക്കുറി ജൂറി ചെയര്‍മാന്‍. സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍ ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ് രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍, ചലച്ചിത്ര അക്കാദമി മെമ്പര്‍ സെക്രട്ടറി സി അജോയ് എന്നിവരാണ് ഇപ്രാവശ്യത്തെ ജൂറി അംഗങ്ങള്‍.