
ന്യൂഡൽഹി: കൊവിഡും ലോക്ക്ഡൗണും സൃഷ്‌ടിച്ച മാന്ദ്യത്തിൽ നിന്ന് കരകയറുകയും ഉത്സവകാലത്തിന്റെ ചുവടുപിടിച്ച് ഉപഭോക്തൃ വിപണിയെ ഉണർവിലെത്തിക്കുകയുമാണ് പുതിയ 'ഉത്തേജന" പാക്കേജിലൂടെ ധനമന്ത്രി നിർമ്മല സീതാരാമൻ ലക്ഷ്യമിടുന്നത്. ജി.ഡി.പി വളർച്ചയ്ക്ക് കുതിപ്പേകാനായി അടിസ്ഥാനസൗകര്യ മേഖലയിലേക്കുള്ള പണമൊഴുക്കും മന്ത്രി പ്രഖ്യാപിച്ചു.
എൽ.ടി.സി കാഷ് വൗച്ചർ
 ടൂറിസം, ജോലി സ്ഥലത്തു നിന്ന് സ്വദേശത്തേക്കുള്ള യാത്ര എന്നിവയ്ക്ക് അവധിയോടെയുള്ള എൽ.ടി.ടി (ലീവ് ട്രാവൽ കൺസെഷൻ) ആനുകൂല്യം കൊവിഡ് കാലത്ത് ഉപയോഗിക്കാൻ കഴിയാത്തവർക്ക് അത്രയും തുകയ്‌ക്ക് കാഷ് വൗച്ചർ നൽകും.
 വൗച്ചറിൽ ലഭ്യമാകുക എൽ.ടി.സി കാലത്തെ അവധിക്ക് തുല്യമായ പണവും മൂന്നുതവണ യാത്ര ചെയ്യാനുള്ള ചെലവും കണക്കാക്കിയുള്ള തുക.
 തസ്‌തികയും പദവിയും അനുസരിച്ച് മൂന്നുതരം വൗച്ചർ
 12 ശതമാനത്തിൽ കുറയാത്ത ജി.എസ്.ടിയുള്ള ഉത്‌പന്നങ്ങളോ സേവനങ്ങളോ ഡിജിറ്റൽ പണമിടപാടിലൂടെ വാങ്ങാൻ വൗച്ചർ ഉപയോഗിക്കാം. റീഇംബേഴ്സ്‌മെന്റിന് ജി.എസ്.ടി ഇൻവോയിസ് നിർബന്ധം.
 എൽ.ടി.സി വൗച്ചർ പദ്ധതിയുടെ ചെലവ്: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് 5,675കോടി, പൊതുമേഖലാ ബാങ്കുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ: 1,900കോടി.
 സംസ്ഥാന സർക്കാരുകളുടെയും സ്വകാര്യമേഖലയിലെയും എൽ.ടി.സി കാഷ് വൗച്ചറുകൾക്കും നികുതി ഇളവ്.
പദ്ധതി വഴി ലക്ഷ്യമിടുന്ന സാമ്പത്തിക ഉത്തേജനം: 28,000 കോടി.
പ്രത്യേക ഉത്സവ അഡ്വാൻസ്
 ഗസറ്റഡ്, നോൺ ഗസറ്റഡ് ജീവനക്കാർക്ക് റുപേ കാർഡ് വഴി ചെലവഴിക്കാനുള്ള 10,000 രൂപയുടെ പലിശ രഹിത ഉത്സവ അഡ്വാൻസ്. കാർഡിന്റെ കാലാവധി 2021 മാർച്ച് 31വരെ. ബാങ്ക് ഇടപാട് നിരക്കുകൾ സർക്കാർ വഹിക്കും. കാർഡുവഴി പണം പിൻവലിക്കാനാകില്ല.
 ഏഴാം ശമ്പള കമ്മിഷൻ ശുപാർശ പ്രകാരം നിറുത്തലാക്കിയ ഉത്സവ ബത്ത അഡ്വാൻസ് ആനുകൂല്യം ഒറ്റത്തവണത്തേക്ക് തിരികെ കൊണ്ടുവരുന്നു.
 ചെലവ്: കേന്ദ്ര സർക്കാർ: 4,000 കോടി, സംസ്ഥാനങ്ങളുടെ പങ്കും കൂടി ചേർത്ത് 8,000 കോടി രൂപ
₹12,000 കോടി വായ്പ
സംസ്ഥാനങ്ങൾക്ക് 50 വർഷത്തേക്ക് വായ്പാ പരിധി ബാധകമാക്കാതെ12,000 കോടി രൂപയുടെ പലിശരഹിത വായ്‌പ
 2,500 കോടി: എട്ട് വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്ക് (200 കോടി വീതം), 450 കോടി വീതം ഉത്തരാഖണ്ഡിനും ഹിമാചൽപ്രദേശിനും
 7500 കോടി മറ്റ് സംസ്ഥാനങ്ങൾക്ക്
 വിതരണം രണ്ട് തവണകളായി. ആദ്യ 50ശതമാനം വിനിയോഗിച്ച ശേഷം അടുത്തഗഡു. രണ്ടുഗഡുക്കളും 2021 മാർച്ച് 31ന് മുൻപ് ചെലവാക്കണം.
 50 വർഷത്തിന് ശേഷം ഒറ്റയടിക്ക് തിരിച്ചടവ്.
 പണം നടപ്പു പദ്ധതികളിൽ കരാറുകാർക്കും വിതരണക്കാർക്കും നൽകാനുപയോഗിക്കാം.
 7,500 കോടിയിൽ 2,000 കോടി ആത്മനിർഭർ പാക്കേജിന്റെ ഭാഗമായ മൂന്ന് പരിഷ്‌കാരങ്ങളെങ്കിലും നടപ്പാക്കിയ സംസ്ഥാനങ്ങൾക്ക് ഇൻസെന്റീവായി.