
തിരുവനന്തപുരം: ജോസ് വിഭാഗം വിരിച്ച വലയിൽ മാണി സി കാപ്പൻ അനാവശ്യമായി എടുത്തുചാടിയെന്ന വിമർശനവുമായി സി.പി.ഐ. ജോസ് കെ. മാണിയുമായി സംസാരിക്കാൻ ഇടതുപക്ഷത്തെ ഒരു നേതാവിനെയും ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് സി.പി.ഐ നേതാക്കൾ പറയുന്നത്. ജോസ് വിഭാഗത്തിന്റെ രാഷ്ട്രീയ തീരുമാനം വന്ന ശേഷം ഇക്കാര്യം ചർച്ച ചെയ്‌താൽ മതിയെന്നാണ് മുന്നണി നിലപാട്. ഇതുസംബന്ധിച്ച ഉറപ്പ് കാനം രാജേന്ദ്രന് കോടിയേരിയും മുഖ്യമന്ത്രിയും നൽകിയിട്ടുമുണ്ട്.
ജോസ് പക്ഷത്ത് നിന്ന് അണികളും നേതാക്കളും ചോരാതിരിക്കാൻ അവർ തന്നെ ഉത്പാദിപ്പിക്കുന്ന വാർത്തകളാണ് സീറ്റ് ചർച്ചകളുമായി ബന്ധപ്പെട്ട കാര്യങ്ങളെന്നാണ് സി.പി.ഐ വിലയിരുത്തുന്നത്. ജോസഫ് പക്ഷത്തേക്ക് നേതാക്കൾ പോകുന്നത് തടഞ്ഞ് നിർത്താനുളള ജോസിന്റെ തന്ത്രമാണത്. അതിൽ കാപ്പനെപോലുളളവർ എടുത്തുചാടി പ്രതികരിച്ചത് ശരിയായില്ലെന്നാണ് സി.പി.ഐയുടെ അഭിപ്രായം.
ഫൈറ്റ് ചെയ്‌ത് പിടിച്ച പാലാ സീറ്റ് ജോസിന് വിട്ടുകൊടുക്കേണ്ട ആവശ്യമില്ല. അത്തരമൊരു ചർച്ച വന്നാൽ എൻ.സി.പിയെ സി.പി.ഐ പിന്തുണയ്‌ക്കും. സിറ്റിംഗ് സീറ്റ് വിട്ടുകൊടുക്കുന്ന സമ്പ്രദായം ശരിയല്ല. ഒരു കക്ഷി മുന്നണിയിലേക്ക് വരുന്നെന്ന് കരുതി അമ്പത് കൊല്ലത്തിലേറെ എം.എൽ.എ ആയിരുന്ന് ജയിച്ച ഒരാളെ തോൽപ്പിച്ച കാപ്പനെ തഴയുന്നതിനെ എതിർക്കും. എന്നാൽ കാപ്പൻ രൂക്ഷമായി മാദ്ധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും സി.പി.ഐ നേതാക്കൾ ആവർത്തിക്കുന്നു.
അതേസമയം, സി.പി.എം കോട്ടയം ജില്ലാ സെക്രട്ടറി വി.എം. വാസവനും ജോസ് വിഭാഗം നേതാക്കളുമായി ചർച്ച നടക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അവിടെ ചർച്ച ചെയ്യുന്നതെന്നും സി.പി.ഐ വൃത്തങ്ങൾ പറയുന്നു.
ഡി.ഐ.സിയുടെ ഗതി വരുമോ!
കെ.കരുണാകരന്റെ ഡി.ഐ.സിക്കുണ്ടായ ഗതി ജോസ് വിഭാഗത്തിന് ഉണ്ടായാലും അത്ഭുതപ്പെടേണ്ട കാര്യമില്ലെന്നാണ് സി.പി.ഐ നേതാക്കൾ പറയുന്നത്. പതിനഞ്ച് വർഷം മുമ്പ് സി.പി.എം ഔദ്യോഗിക നേതൃത്വത്തിന്റെ ആശിർവാദത്തോടെ എൽ.ഡി.എഫുമായി സഹകരിക്കാൻ വന്ന ഡി.ഐ.സിയുടെ മുന്നണി പ്രവേശനം സി.പി.ഐയും ആർ.എസ്.പിയുമാണ് എതിർത്തത്. ഇന്ന് ആർ.എസ്.പിയുടെ സ്ഥാനത്ത് എൻ.സി.പി ആണെന്ന് മാത്രം. തദ്ദേശ തിരഞ്ഞെടുപ്പിലും തിരുവനന്തപുരം ഉപതിരഞ്ഞെടുപ്പിലും ഡി.ഐ.സിയുമായി സഹകരിച്ച എൽ.ഡി.എഫ് പിന്നീട് അവരുമായുളള ബന്ധം ഉപേക്ഷിക്കുകയായിരുന്നു.
അന്ന് പന്ന്യൻ രവീന്ദ്രന്റെ ഉപതിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം മുന്നണി യോഗത്തിൽ ഡി.ഐ.സിയുടെ വരവിനെ എതിർത്തത് പാർട്ടി സെക്രട്ടറിയായിരുന്ന വെളിയം ഭാർഗവനായിരുന്നു. അത് അന്ന് സി.പി.ഐ കാണിച്ച രാഷ്ട്രീയ ബുദ്ധിയാണ്. വേണ്ട സമയത്ത് വേണ്ടത് പോലെ ബുദ്ധി ഉപയോഗിക്കണം. മുന്നണിയിൽ പ്രവേശിക്കുന്നതും അവർ വോട്ട് ചെയ്യുന്നതും രണ്ടും രണ്ടാണെന്നും സി.പി.ഐ പറയുന്നു.
സി.പി.ഐയുടെ പ്രശ്‌നങ്ങൾ
 ഇടതുപക്ഷ രാഷ്ട്രീയത്തിന് യോജിച്ച രാഷ്ട്രീയ കക്ഷിയല്ല ജോസ് വിഭാഗം
 ജോസ് വിഭാഗത്തിന് രാഷ്ട്രീയ അഭയം നൽകാം എന്നല്ലാതെ രാഷ്ട്രീയ ഗുണം മുന്നണിക്കുണ്ടാകില്ല
 ക്രൈസ്‌തവ വോട്ടുകൾ പരമ്പരാഗതമായി വലതു മുന്നണിയിലേക്കെ പോവുകയുളളൂ. ജോസ് വന്നാലും ആ വോട്ടുകൾ ഇടത്തോട്ട് കൊണ്ടുവരാനാകില്ല.
ചാനൽ ചർച്ചകളിൽ പങ്കെടുക്കും
സ്വർണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ വിവാദങ്ങളുമായി ബന്ധപ്പെട്ട ചാനൽ ചർച്ചകളിൽ പങ്കെടുക്കുമെന്ന് വ്യക്തമാക്കി സി.പി.ഐ. ഈ വിഷയം സി.പി.ഐ നേതാക്കളുമായി ബന്ധപ്പെട്ടതല്ല. അതുകൊണ്ട് തന്നെ ചർച്ച ബഹിഷ്‌കരിക്കുന്നതിനെപ്പറ്റി ചിന്തിക്കേണ്ട ആവശ്യമില്ലെന്ന് ഒരു മുതിർന്ന സി.പി.ഐ നേതാവ് 'ഫ്ളാഷി'നോട് പറഞ്ഞു. സി.പി.എമ്മിന്റെ ആഭ്യന്തര കാര്യമാണത്. ചാനൽ ചർച്ചകളിൽ പങ്കെടുക്കണമോയെന്ന് തീരുമാനിക്കാനുളള അവകാശം സി.പി.എമ്മിനുണ്ട്. അതുമായി ബന്ധപ്പെട്ട പരസ്യ പ്രതികരണങ്ങൾക്ക് താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.