
ന്യൂഡൽഹി: ഇന്ത്യയുടെ വടക്കു കിഴക്കൻ അതിർത്തി മേഖലകളിൽ ചെെനയും പാകിസ്ഥാനും ചേർന്ന് ഒരു പദ്ധതിയുടെ അടിസ്ഥാനത്തിലെന്ന പോലെ പിരിമുറുക്കം സൃഷ്ടിക്കുന്നുവെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പാകിസ്ഥാന് പിന്നാലെ ചെെനയും അതിർത്തിയിൽ സംഘർഷങ്ങൾ ഉണ്ടാക്കുന്നു. അതിർത്തിയിലെ സാഹചര്യത്തെ ഇന്ത്യ ദൃഢനിശ്ചയത്തോടെ നേരിടുമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഏഴു സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലുമായി പൂര്‍ത്തിയാക്കിയ 44 പാലങ്ങൾ വെര്‍ച്വല്‍ മീറ്റിങ്ങിലൂടെ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
"ഇന്ത്യയുടെ വടക്ക് കിഴക്കൻ അതിർത്തികളിൽ ഉണ്ടായിട്ടുള്ള സംഘർഷ അവസ്ഥകളെക്കുറിച്ച് നിങ്ങൾക്ക് നന്നായി അറിയാം. ആദ്യം പാകിസ്ഥാനായിരുന്നു അതിർത്തികളിൽ സംഘർഷം നടത്തികൊണ്ടിരുന്നത്. ഇപ്പോൾ ഒരു പദ്ധതിയെന്ന പോലെ ചെെനയും അതിർത്തികളിൽ സംഘർഷം സൃഷ്ടിക്കുന്നു. സംഘർഷം നിലനിൽക്കുന്ന ഈ രാജ്യങ്ങളുമായി ഇന്ത്യ ഏകദേശം 7,000 കിലോമീറ്ററോളം അതിർത്തി പങ്കിടുന്നു." രാജ്നാഥ് സിംഗ് പറഞ്ഞു.
ഇന്ത്യൻ അതിർത്തികളിൽ പാകിസ്ഥാനും ചെെനയും പിരിമുറുക്കം സൃഷിടിക്കുന്ന സാഹചര്യത്തിലാണ് രാജ്നാഥ് സിംഗ് ഇക്കാര്യം വ്യക്തമാക്കിയത്. ചെെനയുമായുള്ള സംഘർഷത്തെ തുടർന്ന് മാസങ്ങളായി അതിർത്തിയിൽ പിരിമുറുക്കം നിലനിൽക്കുകയാണ്. പ്രശ്ന പരിഹാരത്തിനായി നിരവധി തവണ കമാൻഡർതല ചർച്ചകളും നയതന്ത്രതല ചർച്ചകളും നടത്തിയെങ്കിലും ഫലമുണ്ടായില്ല. സംഘർഷം നിലനിൽക്കുന്നതിനാൽ അതിർത്തിയിൽ ഇന്ത്യൻ സെെന്യം ഏറെ ജാഗ്രതയിലാണ്.