
തിന്നുക ,കുടിക്കുക , ആനന്ദിക്കുക എന്നത് ജീവിതവ്രതമാക്കിയ ഒരു കൂട്ടം കുഞ്ഞച്ചൻമാർ കോട്ടയത്തുണ്ട്. കുഞ്ഞച്ചൻ പ്രയോഗം കേട്ട് തെറ്റിദ്ധരിക്കരുത്, കോട്ടയത്തെ പുത്തൻ പണക്കാരായ എല്ലാ വിഭാഗത്തിൽ പെട്ടവരും ഇക്കൂട്ടത്തിലുണ്ട്. ഇക്കൂട്ടർക്ക് ചില പ്രശ്‌നങ്ങളുണ്ട്, പണം കുമിഞ്ഞു കൂടിയാൽ നോട്ടിരട്ടിപ്പിന് പോകും. സുന്ദരിയായ ഭാര്യയെ വിട്ട് പരസ്‌ത്രീകളെ തേടിപ്പോയി പീഡനത്തിൽ കുടുങ്ങും. ഇങ്ങനെ സ്ത്രീ വിഷയത്തിൽ അൽപ്പസ്വൽപ്പം താത്പര്യമുള്ളവരെ വീഴ്‌ത്താൻ പറ്റിയ തന്ത്രമാണ് തേൻ കുരുക്ക് അഥവാ ഹണി ട്രാപ്പ്.
സ്ത്രീകൾക്കൊപ്പം നിറുത്തി ഫോട്ടോ എടുപ്പിച്ച ശേഷം ചിത്രം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി ബ്ലാക്ക് മെയിലിംഗിലൂടെ പണം തട്ടുന്ന ഗുണ്ടാസംഘങ്ങൾ കോട്ടയത്ത് പെരുകുന്നുണ്ട്. ഹണിട്രാപ്പിന് തടയിടാതെ പൊലീസ് ഇവർക്ക് ചൂട്ടു പിടിക്കുകയാണെന്നാണ് നാട്ടുകാരുടെ പരാതി.
.പഴയ സ്വർണം വാങ്ങി വിൽക്കുന്ന വ്യാപാരിയാണ് അവസാനം ട്രാപ്പിൽ കുടുങ്ങിയത്. പഴയ സ്വർണം വലിയ അളവിൽ വിൽക്കാനുണ്ട്. സ്വർണം നോക്കാൻ വരേണ്ട വീടിന്റെ റൂട്ട് മാപ്പ് ഫോണിലൂടെ പറയുന്നത് കിളി മൊഴി ശബ്ദമാകും. അല്‌പം ദൗർബല്യമുള്ളവരാണെങ്കിൽ ശബ്‌ദം കേട്ടാലുടൻ വീഴും. വണ്ടിപിടിച്ച് പറഞ്ഞ സ്ഥലത്തെത്തുമ്പോൾ സുന്ദരി പുറത്തേക്ക് ഇറങ്ങി വരും, വീടിനുള്ളിലേക്ക് ചെല്ലുമ്പോൾ ഗുണ്ടാ സംഘമായിരിക്കും സ്വീകരിക്കുക. ആദ്യമേ അടി കൊടുത്ത് ഭയപ്പെടുത്തും. പിന്നെ അർദ്ധനഗ്നയായ സുന്ദരിക്കൊപ്പം നിറുത്തി ഫോട്ടോയും വീഡിയോയും എടുക്കും. സഹകരിക്കുന്നില്ലെങ്കിൽ വീണ്ടും മർദ്ദിക്കും. ആവശ്യപ്പെടുന്ന പണം നൽകുന്നില്ലെങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണി പ്പെടുത്തും. ആറ് ലക്ഷം രൂപയാണ് സ്വർണ വ്യാപാരിയോട് ആവശ്യപ്പെട്ടത്. അഡ്വാൻസായി രണ്ടു ലക്ഷം രൂപയും ആവശ്യപ്പെട്ടു.
ഭാര്യയുടെ സ്വർണ പണയം വെച്ച് അഡ്വാൻസ് തുക കൊടുത്ത വ്യാപാരി ബ്ലാക്ക് മെയിൽ വിവരം ഭാര്യയോട് പറഞ്ഞു. ഭാര്യയാണ് പൊലീസിൽ പരാതിപ്പെടാൻ നിർദ്ദേശിച്ചത്. പൊലീസ് അന്വേഷണത്തിൽ രണ്ട് പേരെ പിടികൂടി. ഇനിയും കൂടുതൽ പ്രതികളെ പിടികൂടാനുണ്ട്. അറസ്റ്റിലായവരിൽ ഒരാൾ പണം വെച്ചുള്ള ചീട്ടുകളി സംഘത്തിൽ പെട്ടയാളെന്ന് കണ്ടെത്തിയതോടെ മണർകാട് വലിയ പൊലീസ് ഏമാൻമാർ ലക്ഷങ്ങൾ മാസപ്പടി വാങ്ങിയെന്ന ആരോപണം ഉയർന്ന വിവാദമായ ചീട്ടുകളി സംഘത്തിന് ഹണി ട്രാപ്പിൽ പങ്കുണ്ടെന്ന ആരോപണവും ശക്തമായി.
പണം വെച്ചുള്ള ചീട്ടുകളിയിൽ ആരെയും തോൽപ്പിക്കാൻ കഴിയുന്ന കളിക്കാരനെ മാസം രണ്ടു ലക്ഷം രൂപ വരെ ശമ്പളം നൽകി സംഘം ഇറക്കിയിരുന്നു .ഇയാളായിരുന്നു ഹണിട്രാപ്പിൽ അറസ്റ്റിലായവരിൽ ഒരാൾ. ഇതോടെയാണ് പണം വെച്ചുള്ള ചീട്ടുകളി സംഘവും ചില ക്വട്ടേഷൻ സംഘങ്ങളും ഹണിട്രാപ്പിന് പിന്നിലുണ്ടെന്ന സംശയം ബലപ്പെട്ടത്.
ഇതാദ്യമല്ല കോട്ടയത്ത് ഹണിട്രാപ്പ് നടക്കുന്നതും പ്രതികളെ അറസ്റ്റു ചെയ്യുന്നതും. പല പ്രമുഖരും ഇതിൽ പെട്ട് ലക്ഷങ്ങളും പോയി നല്ല അടിയും കിട്ടിയവരാണ്. നാണക്കേട് കാരണം കേസിന് പോകാത്തവർ നിരവധിയാണ്. ഗുണ്ടാസംഘം തട്ടിക്കൊണ്ടു പോയ ശേഷം സ്ത്രീകൾക്കൊപ്പം നിറുത്തി ഫോട്ടോ എടുത്ത് ബ്ലാക്ക് മെയിലിംഗ് നടത്തി പണം തട്ടുന്നതും സ്ഥിരം ഏർപ്പാടായി മാറിയിരിക്കുകയാണിപ്പോൾ.
ലൈംഗിക തൊഴിലാളികളെ തേടി പോകുന്നവരെ ക്വട്ടേഷൻ സംഘത്തിൽപ്പെട്ട ഓട്ടോറിക്ഷാ ഡ്രൈവർമാർ സ്ഥലത്തെത്തിച്ച് അടി കൊടുത്ത് പണം തട്ടുന്നത് സ്ഥിരം സംഭവമാണ്. ഭാഷയറിയാത്ത ഇതരസംസ്ഥാന തൊഴിലാളികളാണ് ഈ ട്രാപ്പിൽ പെടുന്നവരിൽ ഏറെയും. പണം നഷ്ടപ്പെടുന്നതിനൊപ്പം ഇരുട്ടടിയും കിട്ടുന്ന ഇവർ പേടിച്ചു പുറത്തു പറയാറില്ല. ഗുണ്ടാലിസ്റ്റിൽ പെടുത്തേണ്ട ഇത്തരം ഓട്ടോഡ്രൈവർമാരെക്കുറിച്ച് കൃത്യമായ വിവരം പൊലീസിന് ഉണ്ടെങ്കിലും നടപടി എടുക്കാറില്ല. കൃത്യമായ പടി ഗുണ്ടാ ക്വട്ടേഷൻ സംഘത്തിൽ നിന്ന് പൊലീസിനും ലഭിക്കുന്നുണ്ടെന്നുള്ളത് പരസ്യമായ രഹസ്യമാണ്. ആരും നിഷേധിക്കാറുമില്ല. കോഴിയെ കുറുക്കന് കാവലേൽപ്പിച്ച പോലത്തെ ഏർപ്പാടാണെങ്കിൽ ഹണി ട്രാപ്പ് എങ്ങനെ ഇല്ലാതാകും ? ട്രാപ്പിന് നേതൃത്വം നൽകുന്നവരെ എങ്ങനെ അകത്താക്കും?...