kodiyeri-balakrishnan

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ യു.ഡി.എഫും ബി.ജെ.പിയും സമരം നടത്തുന്നുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ബി.ജെ.പിയുടെയും യു.ഡി.എഫിന്റെയും നേതൃകേന്ദ്രമായി സ്വപ്ന സുരേഷ് മാറിയെന്നും കോടിയേരി പറഞ്ഞു.

കോടിയേരിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

'ഒരു രാഷ്ട്രീയ പാര്‍ട്ടിയും സ്വീകരിക്കാന്‍ ധൈര്യപ്പെടാത്ത രീതിയാണ് കേരളത്തില്‍ യു.ഡി.എഫും ബി.ജെ.പിയും സ്വീകരിച്ചിരിക്കുന്നത്. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതിയുടെ മൊഴിയാണ് ഇവരുടെ വേദ വാക്യം. അതിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് ഇരുകൂട്ടരും സമരം നടത്തുന്നത് .


സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി എന്‍ഫോഴ്സ്മെന്റിന് നല്‍കിയതായി പറയുന്ന മൊഴി കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയുടെ മുഖപത്രത്തില്‍ മാത്രം ആദ്യം വാര്‍ത്തയായി വന്നു. ഇതിനെ ആധാരമാക്കി മറ്റു ചാനലുകളും പത്രങ്ങളും വാര്‍ത്തകളും ചര്‍ച്ചകളും സംഘടിപ്പിച്ചു. പിന്നാലെ ബി.ജെ.പി പ്രസിഡന്റിന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് വന്നു. പതിവുപോലെ കോണ്‍ഗ്രസ്സും അത് ആവര്‍ത്തിച്ചു. ബി.ജെ.പിയുടേയും യു ഡി എഫിന്റേയും നേതൃകേന്ദ്രമായി കള്ളക്കടത്ത് കേസിലെ പ്രതിയായ സ്വപ്ന സുരേഷ് മാറിയിരിക്കുന്നു എന്നത് എത്ര അപമാനകരമാണ്.


ഇപ്പോള്‍ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്ക് എത്താതിരിക്കാനുള്ള ആസൂത്രിത ശ്രമം കൂടി ഇതിനു പുറകിലുണ്ട്. ഇന്ത്യയില്‍ ആദ്യമായി പൊതുവിദ്യാഭ്യാസത്തില്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്ന ദിവസം തന്നെ സമരത്തിന് ഇക്കൂട്ടര്‍ തെരഞ്ഞെടുത്തത് യാദൃച്ഛികമല്ല. ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് ഗുണം ചെയ്യുന്ന ഈ പദ്ധതിയെ മറച്ചുവെക്കാനുള്ള വൃഥാ ശ്രമം കൂടി ഇതിനു പുറകിലുണ്ട്.

കഴിഞ്ഞ മൂന്നു മാസത്തിലധികമായി ഭൂരിപക്ഷം മാദ്ധ്യമങ്ങളും പ്രതിപക്ഷവും സ്വര്‍ണ്ണക്കടത്ത് എന്ന ഒറ്റ വിഷയത്തില്‍ മാത്രമാണ് കേന്ദ്രീകരിക്കുന്നത്. ആദ്യം പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്ന രീതിയാണ് ഇവര്‍ പിന്തുടരുന്നത്. സമ്മര്‍ദ്ദം ചെലുത്തി രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി അന്വേഷണ ഏജന്‍സികളെ ദുരുപയോഗപ്പെടുത്താനുള്ള ശ്രമവും ഇതിനിടയില്‍ നടക്കുന്നുണ്ട്. ഇപ്പോള്‍ നടക്കുന്ന ഈ അവിശുദ്ധ നീക്കങ്ങള്‍ ജനങ്ങള്‍ തിരിച്ചറിയുമെന്ന് ഇക്കൂട്ടര്‍ മനസിലാക്കുന്നത് നന്ന്'.