chapman

ബംഗളൂരു: മുൻ ഇന്ത്യൻ ഫുട്ബാൾ ടീം ക്യാപ്ടൻ കാൾട്ടൺ ചാപ്മാൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ പുലർച്ചെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. 49 വയസായിരുന്നു. കടുത്ത പുറംവേദനയെ തുടർന്ന് പുലർച്ചെ മൂന്ന് മണിക്കാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അഞ്ച് മണിയോടെ മരണം സ്ഥിരീകരിച്ചു. നിലവിൽ കോഴിക്കോട് ആസ്ഥാനമായ ക്വാർട്‌സ് എഫ്.സിയുടെ പരിശീലകനായിരുന്നു.

ഇന്ത്യൻ ഫു്ടബാളിലെ ഏറ്റവും മികച്ച മിഡിഫീൽഡറായി പരിഗണിക്കപ്പെടുന്ന ചാപ്മാൻ 1991 മുതൽ 2001വരെ ഇന്ത്യൻ ദേശീയ ടീമിലെ നിർണായക സാന്നിധ്യമായിരുന്നു. ഇന്ത്യൻ ടീമിന്റെ നായകനുമായി. 1997ൽ ഇന്ത്യ ദക്ഷിണേഷ്യൻ ഫുട്ബാൾ ഫെഡറേഷൻ ഗോൾഡ് കപ്പ് കിരീടം നേടിയത് ചാപ്മാന്റെ ക്യാപ്ടൻസിയിലാണ്. ഐ.എം വിജയൻ, ജോപ്പോൾ അഞ്ചേരി, രാമൻ വിജയൻ എന്നിവർക്കൊപ്പം കേരളത്തിലെ ആദ്യ പ്രൊഫഷണൽ ഫുട്ബാൾ ക്ലബായ എഫ്.സി കൊച്ചിനിൽ മിന്നിത്തിളങ്ങിയ ചാപ്മാന് കേരളത്തിലും ഒരുപാട് ആരാധകരുണ്ട്. ടാറ്റ ഫുട്ബാൾ അക്കാഡമിയിലൂടെ പ്രൊഫഷണൽ കരിയർ തുടങ്ങിയ ഈ ബംഗളൂരു സ്വദേശി ഈസ്‌റ്റ് ബംഗാൾ,​ ജെ.സി.ടി എന്നീ ക്ലബുകളിലും നിറഞ്ഞാടി.2001ൽ ഈസ്‌റ്റ് ബംഗാൾ ദേശീയ ഫുട്ബാൾ ലീഗ് ചാമ്പ്യൻമാരായത് ചാപ്മാന്റെ നായകത്വത്തിൻ കീഴിലായിരുന്നു.

ഗ്രേറ്ര് ചാപ്‌റ്റർ

അനുസരണയില്ലാതെ മുന്നോട്ട് കിടക്കുന്ന കോലൻ മുടിയും കോതി മനസ് നിറഞ്ഞ ചിരിയുമായി തൊണ്ണൂറുകളിലും രണ്ടായിരത്തിന്റെ ആദ്യ പാദത്തിലും ഫുട്ബാൾ മൈതാനങ്ങളിൽ കളി വിസ്‌മയത്തിന്റെ കെട്ടഴിക്കുകയായിരുന്നു കാൾട്ടൺ ചാപ്മാൻ. ഗോളടിക്കുന്നതിനേക്കാളും അടിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തിയ മനുഷ്യൻ. ഐ.എം വിജയനും ബെചുംഗ് ബൂട്ടിയയ്ക്കുമെല്ലാം എത്രയോ തവണ ഗോളടിക്കാൻ പാകത്തിൽ ചാപ്മാൻ പന്ത് നൽകിയിരിക്കുന്നു. കളിമെനയാനും നിയന്ത്രിക്കാനുമറിയുന്ന മിഡ്ഫീൽഡിലെ മാന്ത്രികനായിരുന്നു ഈ കർണാടകക്കാരൻ. 1980-കളുടെ മദ്ധ്യത്തിൽ ബംഗളുരു സായി സെന്ററിലൂടെയാണ് ചാപ്മാൻ ഗൗരവമായി പന്ത് തട്ടിത്തുടങ്ങുന്നത്. അവിടെ നിന്ന് ബംഗളൂരുവിലുള്ള ക്ലബായ സതേൺ ബ്ലൂസിനായി കളിച്ചു. 1990ൽ ടാറ്റ ഫുട്ബാൾ അക്കാഡമിയിൽ എത്തിയത് വഴിത്തിരിവായി. 1993 വരെ അവിടെത്തുടർന്ന ചാപ്മാൻ തുടർന്ന് കൊൽക്കത്തൻ വമ്പൻമാരായ ഈസ്റ്റ് ബംഗാളിലെത്തി. ആദ്യ സീസണിൽത്തന്നെ ഏഷ്യൻ വിന്നേഴ്സ് കപ്പിൽ ഇറാഖി ക്ലബ് അൽ സാ‌വ്‌രയ്ക്കെതിരെ ഹാട്രിക്ക് നേടി അവരുടെ പ്രിയ താരമായി. പിന്നീട് വിജയനും ബൂട്ടിയയും കളിക്കുന്ന ജെ.സി.ടിയിലെത്തി. ജെ.സി.ടിയുടെ 14 ടൂർണമെന്റ് വിജയങ്ങളിൽ പങ്കാളിയായി. പിന്നീട് മലയാളികളുടെ സ്വന്തം എഫ്. സികൊച്ചിനിൽ എ1997/98 സീസണിൽ പന്തു തട്ടി. തൊട്ടടുത്ത സീസണിൽ ഈസ്റ്റ് ബംഗാളിലേക്ക് മടങ്ങിയ ചാപ്മാന്റെ നേതൃത്വത്തിൽ 2001ൽ ഈസ്റ്റ് ബംഗാളിനെ ദേശീയ ചാമ്പ്യൻമാരാക്കി. വിരമിച്ച ശേഷം അദ്ദേഹം കോച്ചിംഗിൽ സജീവമാവുകയായിരുന്നു. ദേശീയ ജേഴ്സിയിലും വ്യക്തി മുദ്രപതിപ്പിച്ച ചാപ്മാൻ ക്യാപ്ടനെന്ന നിലയിലും മിഡ്ഫീൽഡർ എന്ന നിലയിലും മികവുറ്റ പ്രകടനമാണ് പുറത്തെടുത്തത്.

ഞെട്ടിപ്പിക്കുന്ന വിയോഗം

തൃശൂർ: ഇന്ത്യ കണ്ട മികച്ച അറ്റാക്കിംഗ് മിഡ്‌ ഫീൽഡർമാരിൽ പ്രമുഖനായിരുന്ന കാൾട്ടൻ ചാപ്മാന്റെ വിയോഗം ഷോക്കടിപ്പിക്കുന്നതായിരുന്നുവെന്ന് ഐ.എം വിജയൻ പറഞ്ഞു. വ്യക്തിപരമായി ഏറെ അടുപ്പം പുലർത്തിയിരുന്നു അദ്ദേഹവുമായി. ഇന്ത്യൻ ടീമിലും ജെ.സി.ടിയിലും അനവധി വർഷക്കാലം ഒരുമിച്ചു കളിച്ചു. ജെ.സി.ടി ആദ്യമായി ഐ ലീഗ് നേടിയപ്പോൾ ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നു. അന്ന് ഞാൻ, ബൈച്ചു, ജോപോൾ, ചാപ്മാൻ എന്നിവർ നാലും പേരും ഒരുമിച്ചാണ് കളിച്ചത്. നല്ല മനപ്പൊരുത്തമായിരുന്നു ഞങ്ങൾ തമ്മിൽ. ആദ്യ കാലങ്ങളിൽ ചാപ്മാൻ ഈസ്റ്റ്‌ ബംഗാളിലും ഞാൻ മോഹൻബഗാനിലുമായിരുന്നുവെങ്കിലും അന്ന് മുതൽ തന്നെ ഏറെ അടുപ്പം പുലർത്തിയിരുന്നു. കളിക്കളത്തിൽ ചാപ്മാൻ പുലർത്തുന്ന മികവ് അസൂയാവഹമായിരുന്നു. സ്വന്തം നേട്ടത്തേക്കാൾ ടീമിന്റെ വിജയമാണ് ചാപ്മാന്റെ കളിക്കളത്തിലെ മതം. തൃശൂരിൽ നിരവധി തവണ വന്നിട്ടുള്ള അദ്ദേഹം പല തവണ വീട്ടിൽ വന്നിട്ടുണ്ട്. ഞാനും അദ്ദേഹത്തിന്റെ വീട്ടിൽ പോയിട്ടുണ്ട്. തൃശൂരിൽ നടന്ന കഴിഞ്ഞ ഐ ലീഗ് രണ്ടാം ഡിവിഷൻ ഫുട്ബാൾ ടൂർണമെന്റിൽ കോഴിക്കോട് ടീമിന്റെ പരിശീലകനായെത്തിയിരുന്നു. അന്ന് തൃശൂരിലെ ഫുട്ബാൾ ആരാധകർക്ക് ഒപ്പം സെൽഫി എടുത്തും സൗഹൃദം പങ്കിട്ടുമാണ് വിട പറഞ്ഞത്.