
ന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവും ഭാര്യ ഉഷ നായിഡുവും കൊവിഡ് മുക്തരായി. ഡൽഹി എയിംസ് ആശുപത്രിയുടെ ആർ.ടി-പി.സി.ആർ ടെസ്റ്റ് വഴിയാണ് ഇരുവർക്കും രോഗം ഭേദമായതായി സ്ഥിരീകരിച്ചത്. സെപ്തംബർ 29നാണ് ഇരുവർക്കും കൊവിഡ് രോഗമുള്ളതായി സ്ഥിരീകരിച്ചത്. ശേഷം ഇരുവരും ഹോം ക്വറന്റീനിൽ ചികിത്സയിൽ കഴിയുകയായിരുന്നു.
ഉപരാഷ്ട്രപതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം അധികം വൈകാതെ തന്റെ ചുമതലകളിലേക്ക് കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉപരാഷ്ട്രപതിയുടെ ഓഫീസ് പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറയുന്നു.
തന്റെ ആരോഗ്യസ്ഥിതി മെച്ചമാകാനായി പ്രാർത്ഥിച്ചവർക്ക് വെങ്കയ്യ നായിഡു തന്റെ നന്ദി അറിയിച്ചിട്ടുണ്ട്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. താൻ ഇപ്പോൾ പൂർണ ആരോഗ്യവാനാണെന്നും എന്നിരുന്നാലും ഡോക്ടർമാർ ആരോഗ്യ പരിപാലന നിർദേശങ്ങൾ സ്വീകരിച്ച് മുൻപോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.