inflation

ന്യൂഡൽഹി: റിസർവ് ബാങ്ക് മുഖ്യ പലിശനിരക്കുകൾ പരിഷ്‌കരിക്കാൻ പ്രധാന മാനദണ്ഡമാക്കുന്ന ഉപഭോക്തൃവില (റീട്ടെയിൽ) സൂചിക അടിസ്ഥാനമാക്കിയുള്ള നാണയപ്പെരുപ്പം സെപ്‌തംബറിൽ എട്ടുമാസത്തെ ഉയരമായ 7.34 ശതമാനത്തിലെത്തി. ആഗസ്‌റ്റിൽ ഇത് 6.69 ശതമാനമായിരുന്നു.

നാണയപ്പെരുപ്പം കുത്തനെ കൂടിയെന്ന് ചൂണ്ടിക്കാട്ടിയാണ്, സമ്പദ്‌വ്യവസ്ഥ തളർച്ചയുടെ ട്രാക്കിലായിട്ടും കഴിഞ്ഞ രണ്ടു ധനനയ നിർണയ യോഗങ്ങളിലും റിസർവ് ബാങ്ക് പലിശനിരക്കുകൾ കുറയ്ക്കാതിരുന്നത്. റീട്ടെയിൽ നാണയപ്പെരുപ്പം നാലു ശതമാനത്തിൽ നിയന്ത്രിക്കുകയാണ് റിസർവ് ബാങ്കിന്റെ ലക്ഷ്യം. 2019 സെപ്‌തംബറിൽ ഇത് 3.99 ശതമാനം മാത്രമായിരുന്നു.

കൊവിഡും നിയന്ത്രണങ്ങളും മൂലം വിതരണശൃംഖലയിൽ പ്രശ്‌നങ്ങളുള്ളതിനാൽ ഭക്ഷ്യോത്പന്നങ്ങളുടെ വില കൂടുന്നതാണ് റിസർവ് ബാങ്കിനെ പ്രധാനമായും ആശങ്കപ്പെടുത്തുന്നത്. സെപ്‌തംബറിൽ ഇത് 10.68 ശതമാനമാണ്. ആഗസ്‌റ്റിൽ ഇത് 9.05 ശതമാനമായിരുന്നു. വരുംമാസങ്ങളിലും നാണയപ്പെരുപ്പം ഉയരുമെന്ന് കഴിഞ്ഞ ധനനയ നിർണയ (എം.പി.സി) യോഗം വിലയിരുത്തിയിരുന്നു. ഡിസംബറിൽ ചേരുന്ന അടുത്ത എം.പി.സി യോഗത്തിലും പലിശഭാരം കുറയാനുള്ള സാദ്ധ്യത ഇല്ലാതാക്കുന്നതാണ് നാണയപ്പെരുപ്പത്തിന്റെ കുതിപ്പ്.