
കാൺപൂർ: ഉത്തർപ്രദേശിൽ സിവിൽ സർവീസ് പ്രാഥമിക പരീക്ഷ നടക്കുന്നതിനിടെയിൽ 17 വയസുകാരി ക്യാമ്പസിനുള്ളിൽ കൂട്ടമാനഭംഗത്തിനിരയായി. കോളേജിനുള്ളിലേക്ക് ഒരു കൂട്ടം വിദ്യാർത്ഥികൾ ചേർന്ന് പെൺകുട്ടിയെ നിർബന്ധിച്ച് കൊണ്ട് പോയ ശേഷം പീഡിപ്പിക്കുകയും ദൃശ്യങ്ങൾ ഫോണിൽ പകർത്തുകയുമായിരുന്നു.
തനിക്ക് ഒപ്പമുണ്ടായിരുന്ന ആൺകുട്ടിയെ ഇവർ മർദ്ദിച്ചതായും കെെയിലുണ്ടായിരുന്ന 2000 രൂപ തട്ടിയെടുത്തതായും പെൺകുട്ടി പറഞ്ഞു.പീഡനവിവരം പുറത്തു പറഞ്ഞാൽ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും പെൺകുട്ടി നൽകിയ പരാതിയിൽ പറയുന്നു.
മുഖ്യപ്രതികളായ രോഹിത് സൈനി, ഭാരത് കുശ്വാഹ എന്നിവരടക്കം എട്ട് വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തതായി സീനിയർ പൊലീസ് സൂപ്രണ്ട് ദിനേശ് കുമാർ പി അറിയിച്ചു. കേസിൽ തുടർ അന്വേഷണം നടക്കുകയാണെന്നും കുറ്റകൃത്യത്തിൽ മറ്റ് വിദ്യാർത്ഥികളുടെ പേരുകൾ പുറത്തുവന്നാൽ അവർക്കെതിരെ നടപടിയെടുക്കുമെന്നും എസ്.പി കൂട്ടിച്ചേർത്തു.
സിവിൽ സർവീസ് പരീക്ഷ നടന്ന ക്യാമ്പസിലേക്ക് എങ്ങനെ പെൺകുട്ടി വന്നുവെന്നതും പൊലീസ് അന്വേഷിക്കുന്നുണ്ട്. ക്യാമ്പസിനുള്ളിൽ നിന്നും പെൺകുട്ടിയുടെ നിലവിളി കേട്ട ചില പൊലീസുകാർ കുട്ടിയെ സിപ്രി ബസാർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുകയായിരുന്നു. തുടർന്ന് പെൺകുട്ടി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. പ്രതികളിൽ ഒരാളായ ഭാരത് കുശ്വാഹനെ പെൺകുട്ടി തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രതികൾ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളാണെന്നും സംഭവത്തിൽ ഉൾപ്പെട്ട മറ്റ് വിദ്യാർത്ഥികളെ കണ്ടെത്തുന്നതിനായി പൊലീസുമായി സഹകരിക്കുന്നുണ്ടെന്നും കോളേജ് പ്രിൻസിപ്പൽ വ്യക്തമാക്കി.