
ബംഗളൂരു: കർണാടക ആരോഗ്യമന്ത്രി സ്ഥാനത്തു നിന്ന് ബി. ശ്രീരാമലുവിനെ മാറ്റി. മെഡിക്കൽ വിദ്യാഭ്യാസ മന്ത്രി ഡോ. കെ. സുധാകറിനാണ് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ ആരോഗ്യമന്ത്രാലയത്തിന്റെ ചുമതല നൽകിയത്. ശ്രീരാമലുവിനെ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രിയാക്കി. ഇന്നലെ നടന്ന മന്ത്രിസഭാ പുനഃസംഘടനയിലാണ് തീരുമാനം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കെ ആരോഗ്യമന്ത്രിയെ മാറ്റിയത് രോഗനിയന്ത്രണത്തിലെ പാളിച്ചയാണെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. മൈസൂർ അടക്കമുള്ള സ്ഥലങ്ങളിലെ കൊവിഡ് മരണനിരക്ക് കുറയ്ക്കാനാകും താൻ പ്രഥമ പരിഗണന നൽകുകയെന്നാണ് കെ. സുധാകർ പറയുന്നത്. കേരളത്തെ മാതൃകയാക്കി ആരോഗ്യരംഗം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.