
പടിഞ്ഞാറുദർശനമായ വീടുകളെക്കുറിച്ചാണ് ഈ ലക്കവും. പടിഞ്ഞാറ് വീട്ടിൽ ചെറിയ വാസ്തു പ്രശ്നങ്ങൾ പോലും പെട്ടെന്ന് പ്രകടമാവുമെന്ന് പറഞ്ഞുവല്ലോ. അതിന് കാരണം തെക്കു പടിഞ്ഞാറും പടിഞ്ഞാറു നിന്നും ഉണ്ടാകുന്ന അതിശക്തമായ ഊർജപ്രഭാവമാണ്. തീവ്രമാണ് ഈ ഭാഗത്തെ ഊർജ ഒഴുക്ക്. അത് ശരിയായി ഒഴുകിയില്ലെങ്കിൽ അസാധാരണമായ പല കാര്യങ്ങളും സംഭവിക്കാനിടയാക്കും.
വീടിന്റെയും മതിലിന്റെയും തെക്കുപടിഞ്ഞാറും വടക്കു പടിഞ്ഞാറും പൂർണമായും അടഞ്ഞു തന്നെ കിടക്കണം. തെക്കുപടിഞ്ഞാറുമതിലിന് അടിത്തറ കെട്ടുമ്പോൾ  23. 5 അടി നീളത്തിൽ താഴേയ്ക്ക് ഒരു ഫൗണ്ടേഷൻ കെട്ടുന്നത് ഉത്തമമായിരിക്കും. സിറ്റിയിലൊക്കെ തൊട്ടടുത്ത് വീടുകളുണ്ടാവും. പടിഞ്ഞാറു വീടിന് തൊട്ടടുത്തുളള അയൽ വീട്ടിലെ സെപ്റ്റിക്ക് ടാങ്ക് വാസ്തു ശാസ്ത്രപരമായി വരേണ്ടത് വടക്കു പടിഞ്ഞാറാണല്ലോ.അത് വടക്കേവീടിന്റെ കന്നി മൂലയാണ്. അപ്പോൾ അവിടെയുണ്ടാകുന്ന കുഴി യാതൊരു കാരണവശാലും ബാധിക്കാതിരിക്കുന്നതിനാണ് മതിൽ അടിസ്ഥാനം കുറച്ച് താഴ്ത്തി കെട്ടാൻ പറഞ്ഞത്. തെക്കുപടിഞ്ഞാറേ മതിലിൽ കന്നി മൂല മാത്രം പാറ കൊണ്ട് കെട്ടുന്നത് നല്ലതാണ്. മതിലിന് കുറഞ്ഞത് ആറടി പൊക്കം ഉണ്ടാകുന്നത് നല്ല ഫലത്തെ പ്രദാനം ചെയ്യും. മതിലിന്റെ വാതിലുകളിൽ ഭാരമുളള അലങ്കാരങ്ങളാകാം. ഉദാഹരണത്തിന് സിമന്റു കൊണ്ടുള്ള ആന, സിംഹം എന്നിവയൊക്കെ വയ്ക്കാം.തെക്ക് അധിക സ്ഥലം ഉണ്ടാകാതെ നോക്കുകയും വേണം.
പുതിയ വീടുകൾ പണിയുമ്പോൾ പടിഞ്ഞാറുവീടുകൾക്ക് വളരെ കണിശമായി തന്നെ നാഭി കണ്ടെത്തേണ്ടതുണ്ട്. റോഡ്, അടുത്ത വസ്തുക്കൾ , ഭൂമിയുടെ ഉയർച്ച, വീടിന്റെ ഉയരം എന്നിവയെല്ലാം നേരത്തെ പരിഗണിച്ചേ നാഭി തീരുമാനിക്കാവൂ. അല്ലെങ്കിൽപുറമെ നിന്ന് പെട്ടെന്ന് കണ്ടെത്താനാവാത്ത ദോഷം അതിൽ വന്നു പെടാനിടയുണ്ട്. കാർപോർച്ച് വീടിനോട് ചേർത്ത് ചെയ്യുന്നത് ഒഴിവാക്കണം. തെക്കുപടിഞ്ഞാറും വടക്കു പടിഞ്ഞാറും കാർപോർച്ച് വരുന്നത് നല്ലതല്ല. വീടിനോടും മതിലിനോടും ചേരാതെ മാത്രമെ പടിഞ്ഞാറു വീടുകൾക്ക് കാർ പോർച്ച് പണിയാവൂ. സിറ്റൗട്ട് ചെയ്യുന്നുവെങ്കിൽ നേർ പടിഞ്ഞാറിലാവാം. അത് തള്ളി നിൽക്കുകയുമരുത്. തെക്കുപടിഞ്ഞാറുവഴിയോ വടക്കു പടിഞ്ഞാറു വഴിയോ വഴിയുണ്ടാക്കാനും പാടില്ല.അതാണ് നേർ പടിഞ്ഞാറു തന്നെ പ്രധാന ഗേറ്റും വയ്ക്കണമെന്ന് പറഞ്ഞത്. സ്ഥലക്കുറവിന്റെ പേരു പറഞ്ഞ് ചിലർ പടിഞ്ഞാറ് മദ്ധ്യം വിട്ട് സെപ്റ്റിക്ക് ടാങ്ക് കുഴിക്കാറുണ്ട്.അത് വലിയ ദോഷമുണ്ടാക്കുന്നതാണ്. സെപ്ടിക്ക് ടാങ്ക് വടക്ക് പടിഞ്ഞാറിൽ മാത്രമെ ചെയ്യാവൂ. വടക്കുപടിഞ്ഞാറെന്നു പറഞ്ഞാൽ വടക്കിന്റെ പടിഞ്ഞാറാണ്. അല്ലാതെ പടിഞ്ഞാറിന്റെ വടക്കല്ല. അടുക്കള തെക്കു കിഴക്കേ മൂലയിൽ തന്നെ വേണം. തെക്കും പടിഞ്ഞാറും യാതൊരുവിധ കുഴികളും വരാതെ നോക്കണം. വീടിനെക്കാളും റോഡ് ഉയർന്ന് ഇരിക്കുന്നതാണ് നല്ലത്. അല്ലെങ്കിൽ റോഡിന് സമാനമായി വീട് നിന്നാലും മതി. ജനാലകൾ ക്രമീകരിക്കുമ്പോൾ പരമാവധി എണ്ണം കുറയുന്നതാണ് ഉത്തമം. വടക്കു കിഴക്ക് ജനാലയുടെയും കതകിന്റെയും എണ്ണം കൂട്ടുകയും വേണം. കന്നിമൂലയോ വായുമൂലയോ മുറിയാനിടവരുകയുമരുത്.
സംശയങ്ങളും മറുപടിയും
പാലുകാച്ചൽ  ദിനം  വിളക്കുമായിട്ടാണോ വീട്ടിലേയ്ക്ക് ആദ്യം കയറേണ്ടത്?
ശ്രീകല സുരേഷ് , വെള്ളിമൺ
പാലു കാച്ചൽ ദിനം ആദ്യമായി വീടിനുളളിലേയ്ക്ക് കയറേണ്ടത് കുടം നിറയെ വെള്ളവുമായിട്ടാണ്. ഗൃഹനായിക നിറകുടവുമായി ഏറ്റവും മുന്നിൽ നടക്കണം. പിന്നാലെ വരുന്നവരാണ് നിലവിളക്ക് കൊണ്ടുവരേണ്ടത്. ഈശാനം വഴി വീടിന് വലം വച്ചേ പ്രധാനവാതിൽ വഴി അകത്ത് പ്രവേശിക്കാവൂ. ഈ വിളക്കിന്റെ തിരിയിൽ നിന്ന് അടുപ്പിലേയ്ക്ക് ആദ്യമായി തീ പകരരുത്. ഗണപതി ഹോമത്തിന്റെ  കനലിൽ  നിന്ന് തീയെടുത്താണ് പാലു കാച്ചേണ്ടത്.