
ഡിവിലിയേഴ്സിന് അർദ്ധ സെഞ്ച്വറി
ഷാർജ: ഐ.പി.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ കൊൽക്കത്ത നെറ്റ് റെഡേഴ്സിനെതിരെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് 82 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് ബാഗ്ലൂർ എ ബി ഡിവില്ലിയേഴ്സിന്റെ (33 പന്തിൽ 73) വെടിക്കെട്ട് ആർദ്ധ സെഞ്ച്വറിയുടെ പിൻബലത്തിൽ നിശ്ചിത 20 ഓവറിൽ 2 വിക്കറ്റ് നഷ്ടത്തിൽ 194 റൺസെടുത്തു. തുടർന്ന് ബാംഗ്ലൂർ ബൗളർമാരുടെ കൃത്യതയ്ക്ക് മുന്നിൽ ചൂളിപ്പോയ കൊൽക്കത്തയ്ക്ക് 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 112 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ. വാഷിംഗ്ടൺ സുന്ദർ, ക്രിസ് മോറിസ് എന്നിവർ ബാഗ്ലൂരിനായി രണ്ട് വിക്കറ്റ് വീഴ്ത്തി. ചഹൽ 4 ഓവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത് 1 വിക്കറ്റ് വീഴ്ത്തി. 34 റൺസെടുത്ത ശുഭ്മാൻ ഗില്ലാണ് കൊൽക്കത്തയുടെ ടോപ്സ്കോറർ.
നേരത്തേ കൊൽക്കത്തൻ ബൗളിംഗ് നിരയെ വകവയ്ക്കാതെ ബാംഗ്ലൂർ ബാറ്റ്സ്മാൻമാർ നിറഞ്ഞാടുകയായിരുന്നു. ഓപ്പണർമാരായ ആരോൺ ഫിഞ്ചും (37 പന്തിൽ 41), ദേവ്‌ദത്ത് പടിക്കലവും (23 പന്തിൽ 33) ചേർന്ന് മികച്ച തുടക്കമാണ് ബാംഗ്ലൂരിന് സമ്മാനിച്ചത്. ഇരുവരും 7.4 ഓവറിൽ 67 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. പടിക്കലിനെ ക്ലീൻബൗൾഡാക്കി റസ്സലാണ് കൂട്ടുകെട്ട് പൊളിച്ചത്. പിന്നീടെത്തിയ നായകൻ കൊഹ്‌ലി (28 പന്തിൽ 33) ഫിഞ്ചിനൊപ്പം ബാംഗ്ലൂരിനെ മുന്നോട്ടു കൊണ്ടുപോയി. 13-ാ മത്തെ ഓവറിലെ രണ്ടാം പന്തിൽ ഫിഞ്ചിനെ പ്രസിദ്ധ് കൃഷ്ണ ക്ലീൻബൗൾഡാക്കിയെങ്കിലും പകരമെത്തിയ ഡിവിലിയേഴ്സ് വെടിക്കെട്ടുമായി ബാംഗ്ലൂരിന്റെ സ്കോർ അതിവേഗം ഉയർത്തി.5 ഫോറും 6 സിക്സും അടങ്ങിയതാണ് ഡിവിലിയേഴ്സിന്റെ ഇന്നിംഗ്സ്.