pic

ന്യൂഡൽഹി: ഉത്തർപ്രദേശിലെ ഹാഥ്‌രസിൽ കൂട്ടമാനഭംഗത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കുടുംബത്തിന് വിട്ടു നൽകാതെ സംസ്കരിച്ച പൊലീസ് നടപടിക്കെതിരെ രൂക്ഷ വിമർശനുമായി അലഹബാദ് ഹൈക്കോടതി. നിങ്ങളുടെ മകളെ ഈ രീതിയിൽ സംസ്‌കരിക്കാൻ അനുവദിക്കുമോയെന്ന് യു.പി അഡി.ഡി.ജി.പി പ്രശാന്ത് കുമാറിനോട് കോടതി ചോദിച്ചു. ഇര സമ്പന്ന കുടുംബത്തിൽ നിന്നാണെങ്കിൽ പൊലീസ് നടപടി സമാനമാകുമായിരുന്നോ എന്നും കോടതി ചോദിച്ചു.കേസിൽ വാദം കേട്ട ശേഷം പെൺകുട്ടിയുടെ കുടുംബത്തിനു വേണ്ടി ഹാജരായ അഭിഭാഷകൻ മാദ്ധ്യമങ്ങളോട് ഈക്കാര്യം പറയുകയായിരുന്നു.

കേസുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി പ്രശാന്ത്കുമാർ യു.പി അഡീഷണൽ ചീഫ് സെക്രട്ടറി, ഡി.ജി.പി , ഹാഥ്‌രസ് ജില്ലാ മജിസ്ട്രേറ്റ്, എസ്.പി എന്നിവരെ ഹൈക്കോടതി വിളിപ്പിച്ചിരുന്നു. യു.പി സർക്കാരിന്റെ അന്വേഷണത്തിൽ വിശ്വാസമില്ലാത്തതിനാൽ കേസ് സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്നാണ് പെൺകുട്ടിയുടെ കുടുംബത്തിന്റെ ആവശ്യം. ജുഡീഷ്യൽ നടപടിക്രമങ്ങൾ അവസാനിക്കുന്നതുവരെ സുരക്ഷ നൽകണമെന്നും കുടുംബം ആവശ്യപ്പെട്ടു.

അതേസമയം പെൺകുട്ടിയുടെ മൃതദേഹം രാത്രിയിൽ സംസ്‌കരിക്കാനുള്ള നിർദേശം നൽകിയത് താനാണെന്ന് ഹാഥ്‌രസ് ജില്ലാ മജിസ്ട്രേറ്റ് പ്രവീൺ കുമാർ ലക്ഷ്കർ കോടതിയിൽ പറഞ്ഞു. ക്രമസമാധാനനില നിയന്ത്രിക്കുന്നതിനാണ് ഇത് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.