cpi

ഇംഫാൽ: മണിപ്പൂരിലെ മുൻ മന്ത്രിയും മുൻ സി.പി.ഐ നേതാവുമായ എൻ. മാംഗി വീണ്ടും ബി.ജെ.പിയിലേക്ക്. സി.എൽ.പിയിലായിരുന്ന(കോൺഗ്രസ് ലെജിസ്ളേച്ചർ പാർട്ടി) അദ്ദേഹം തിങ്കളാഴ്ചയാണ് മറ്റ് മൂന്നു രാഷ്ട്രീയ നേതാക്കൾക്കൊപ്പം ബി.ജെ.പിയിൽ ചേരുന്നത്. മുൻ ചീഫ് സെക്രട്ടറിയും കോൺഗ്രസിന്റെ ലോക്സഭാ സ്ഥാനാർത്ഥിയുമായിരുന്ന ഒയ്‌നാം നബകിഷോർ, മുൻ മന്ത്രിയായിരുന്ന എ.ബിരൺ, വനിതാ നേതാവായ കെബിസേന എന്നിവരാണ് ബി.ജെ.പിയുടെ ഭാഗമായ മറ്റുള്ളവർ.

നവംബറിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ് 'സി.പി.ഐ മാംഗി' എന്നറിയപ്പെടുന്ന മാംഗിയുടെ ഈ കളം മാറ്റി ചവിട്ടൽ എന്നാണ് അനുമാനം. ആദ്യം സി.പി.ഐ വിട്ട് ബി.ജെ.പിയിലേക്ക് കൂറുമാറിയ മാംഗി 2018ലാണ് കോൺഗ്രസ് പാർട്ടിയിൽ ചേരുന്നത്. ഇത്തരത്തിൽ കൂറുമാറുന്ന എം.എൽ.എമാർ കാരണം എല്ലാ ജനപ്രതിനിധികളെയും ജനം പരിഹാസത്തോടെ കാണുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്ന് സി.എൽ.പി നേതാവ് പറയുന്നു.

'അടുത്തിടെയായി ബി.ജെ.പിയിൽ ചേർന്ന ചിലർ ജനങ്ങൾക്കുള്ള അരിവിതരണത്തിൽ ക്രമക്കേട് നടന്നതായി മുതിർന്ന സി.എൽ.പി നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒക്രം ഇബോബി സിംഗ് ആരോപിച്ചു. നാമമാത്രമായ രാഷ്ട്രീയ ആവശ്യങ്ങൾ മുന്നിൽ കണ്ടുകൊണ്ടാണ് എൻ. മാംഗി ഇപ്പോൾ ബി.ജെ.പിയിലേക്കും കൂറുമാറിയിരിക്കുന്നതെന്നും നാളെ അദ്ദേഹം ഏത് പാർട്ടിയിലാകും ഉണ്ടാകുക എന്ന് പറയാനാകില്ലെന്നും മറ്റൊരു മുതിർന്ന കോൺഗ്രസ് നേതാവും പറഞ്ഞു.