pic

വാഷിംഗ്ടൺ: ഓൺലെെൻ ഷോപ്പിംഗ് സെെറ്റുകളായ ആമസോണിലും ഫ്ലിപ്പ്കാർട്ടിലൂടെയുമെല്ലാം സാധനങ്ങൾ ഓർഡർ ചെയ്തു വാങ്ങുന്നത് പോലെ സെെനികർക്ക് ആവശ്യമായ ആയുധങ്ങളും വെടിക്കോപ്പുകളും നിമിഷനേരം കൊണ്ട് ലഭ്യമായാൽ എങ്ങനെയുണ്ടാകും. അത്തരം ഒരു പരീക്ഷണത്തിനൊരുങ്ങുകയാണ് അമേരിക്കൻ എയ്‌റോസ്‌പേസ് നിർമാതാവും ബഹിരാകാശ ഗതാഗത സേവന കമ്പനിയുമായ സ്പെയ്സ് എക്സ്.

ലോകത്തെവിടെയും നിലയുറപ്പിച്ചിരിക്കുന്ന യു.എസ് സായുധ സേനയ്ക്ക് ആവശ്യമായ ആയുധങ്ങൾ എത്തിക്കാൻ കഴിയുന്ന റോക്കറ്റുകളുടെ നിർമാണം നടത്തിവരികയാണെന്ന് സ്പെയ്സ് എക്സ് സി.ഇ.ഒ എലോൺ മസ്‌ക് അറിയിച്ചു. ഇത് വിജയകരമാക്കാൻ യു.എസ് മിലിട്ടറിയുമായി സഹകരിച്ച് സ്പേസ് എക്സ് പ്രവർത്തിക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മണിക്കൂറിൽ 7500 മൈൽ വേഗതയിൽ റോക്കറ്റ് സഞ്ചരിക്കുമെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. 80,000 കിലോ വരെ ഭാരം വഹിക്കാൻ ഇതിന് കഴിയും.ജി‌.പി‌.എസ് സംവിധാനം ഉപയോഗിച്ച് ലോകത്തെ ഏതു സ്ഥലത്തും ഈ റോക്കറ്റുകൾക്ക് ഇറങ്ങാൻ സാധിക്കും. 2021 ഓടെ ഇതിന്റെ പരീക്ഷണം ആരംഭിക്കുമെന്നും യു.എസ് ട്രാൻസ്പോർട്ടേഷൻ കമാൻഡ് മേധാവി ജനറൽ സ്റ്റീഫൻ ലിയോൺസ് പറഞ്ഞു.