haland

പാരീസ്: നേഷൻസ് ലീഗിൽ ഗ്രൂപ്പ് ഇയിലെ മത്സരത്തിൽ യുവ വിസ്മയം എർലിംഗ് ഹാളണ്ടിന്റെ ഹാട്രിക്കിന്റെ മികവിൽ നോർവെ 4-0ത്തിന് റൊമാനിയയെ കീഴടക്കി.31,​64,​74 മിനിട്ടുകളിലായിരുന്നു ഹാളണ്ടിന്റെ ഗോളുകൾ പിറന്നത്. അലക്സാണ്ടർ സോർലോത്ത് ഒരു ഗോൾ നേടി. ബാൾ പൊസഷനിലും പാസിംഗിലും ഏറെക്കുറെ ഒപ്പത്തിനൊപ്പമായിരുന്നെങ്കിലും ഗോളവസരങ്ങൾ സൃഷിക്കുന്നതിലും ലക്ഷ്യത്തിലേക്ക് ഷോട്ടുകൾ ഉതിർത്തതിലും നോർവെ റൊമാനിയയേക്കാൾ ബഹുദൂരം മുന്നിലായിരുന്നു. ഹാളണ്ടിന്റെ നേതൃത്വത്തിൽ നോർവെ മുന്നേറ്റ നിര കുതിച്ചെത്തിയപ്പോൾ റൊമാനിയൻ പ്രതിരോധം ആടിയുലയുകയായിരുന്നു. ദേശീയ ജേഴ്സിയിൽ ഹാളണ്ടിന്റെ ആദ്യ ഹാട്രിക്കാണിത്.

ഗ്രൂപ്പ് സിയിലെ മത്സരത്തിൽ ഫ്രാൻസും പോർച്ചുഗലും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. റൊണാൾഡോ, ജാവോ ഫെലിക്സ്, ഗ്രീസ്മാൻ, എംബാപ്പെ തുടങ്ങിയ സൂപ്പർ താരങ്ങൾ അണിനിരന്ന മത്സരത്തിൽ പക്ഷേ ആർക്കും ലക്ഷ്യം കാണാൻ കഴിഞ്ഞില്ല. ഗ്രൂപ്പ് എയിൽ പോളണ്ടും ഇറ്റലിയും ഗോളടിക്കാതെ പിരിഞ്ഞു.

ഗ്രൂപ്പ് കെയിലെ മത്സരത്തിൽ ഗ്രീസ് മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്ക് മോൾഡോവയെ കീഴടക്കി. ഒന്നാം പകുതിയുടെ അധിക സമയത്ത് വിയാസെസ്‌ലാവ് പൊസ്‌മാക് ചുവപ്പ് കാർഡ് കണ്ടതിനെത്തുടർന്ന് പത്തുപേരുമായാണ് മോൾഡോവ മത്സരം പൂർത്തിയാക്കിയത്. മകാസെറ്രാസും മൊന്റാലാസുമാണ് ഗ്രീസിനായി ലക്ഷ്യം കണ്ടത്. ഗ്രൂപ്പ് ബിയിൽ ഡെൻമാർക്ക് 3-0ത്തിന് ഐസ്‌ലൻഡിനെയും ഗ്രൂപ്പ് എഫിൽ ചെക്ക് റിപ്പബ്ലിക്ക് 2-1ന് ഇസ്രയേലിനേയും തോൽപ്പിച്ചു.