
തൃശ്ശൂർ: റിമാന്റ് പ്രതി മർദ്ദനമേറ്റ് മരിച്ച സംഭവത്തിൽ ജയിൽ ഡി.ജി.പി ഋഷിരാജ് സിംഗ് ഇന്ന് വിയ്യൂർ ജയിലിന്റെ കൊവിഡ് കെയർ സെന്ററായ 'അമ്പിളിക്കല' സന്ദർശിക്കും. കൂടാതെ തൃശ്ശൂർ ജയിലിലും, കൊവിഡ് കെയർ സെന്ററിലും കഴിയുന്ന മറ്റു പ്രതികളുടെ മൊഴി രേഖപ്പെടുത്തും.
കൊവിഡ് സെന്ററിൽ പതിനേഴുകാരന് മർദനമേറ്റെന്ന പരാതിയും ഋഷിരാജ് സിംഗ് പരിശോധിക്കും.മരിച്ച ഷെമീറിന്റെ ഭാര്യ ഉൾപ്പെടെയുള്ള കൂട്ടുപ്രതികളുടെ വിശദമായ മൊഴി മജിസ്‌ട്രേറ്റിന്റെ സാന്നിധ്യത്തിൽ ഇന്ന് രേഖപ്പെടുത്തും.തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ച ഷെമീറിന് ക്രൂരമർദ്ദനം ഏറ്റിട്ടുണ്ടെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. നാല് ജയിൽ ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം സ്ഥലം മാറ്റിയിരുന്നു.
പത്തു കിലോ കഞ്ചാവുമായി ഷെമീറും ഭാര്യയും മറ്റു രണ്ടു പേരും കഴിഞ്ഞമാസം 29ന് ശക്തൻ സ്റ്റാൻഡിൽ വച്ചാണ് ഈസ്റ്റ് പൊലീസിന്റെ പിടിയിലായത്. പിന്നീട് അബോധാവസ്ഥയിലാണ് ഇയാളെ ആശുപത്രിയിലെത്തിച്ചത്. തൊട്ടടുത്ത ദിവസം മരിച്ചു.