
ലഖ്നൗ: ഹഥ്‌രസ് കേസിൽ പൊലീസിനെതിരെ രൂക്ഷവിമർശനവുമായി അലഹബാദ് ഹൈക്കോടതി. കൊല്ലപ്പെട്ട പത്തൊമ്പതുകാരിയുടെ മൃതദേഹം ബന്ധുക്കളുടെ എതിർപ്പ് മറികടന്ന് ധൃതിയിൽ സംസ്‌കരിച്ച പൊലീസ് നടപടിയെ കോടതി വിമർശിച്ചു.
പെൺകുട്ടി സമ്പന്ന കുടുംബത്തിലെ അംഗമായിരുന്നെങ്കിൽ ജില്ലാ ഭരണകൂടവും, പൊലീസും ഇതേ മാർഗമായിരിക്കുമോ സ്വീകരിക്കുകയെന്ന് കോടതി ചോദിച്ചു. 'പെൺകുട്ടി ഒരു സമ്പന്ന കുടുംബാംഗമായിരുന്നെങ്കിൽ ശവസംസ്‌കാരം ഇതേ രീതിയിൽ തന്നെയാണോ നടത്തുക? നിങ്ങളുടെ മകളായിരുന്നെങ്കിൽ ഇങ്ങനെ ചെയ്യുമോ'കോടതി ജില്ലാ മജിസ്‌ട്രേറ്റ് പ്രവീൺ കുമാറിനോട് ചോദിച്ചു.
പത്തൊമ്പതുകാരിയുടെയും, കുടുംബാംഗങ്ങളുടേയും മാനുഷികവും മൗലികവുമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.മൃതദേഹം പെട്ടെന്ന് സംസ്‌കരിച്ചത് സ്ഥലത്തെ ക്രമസമാധാന പ്രശ്നം പരിഗണിച്ചാണെന്ന് ജില്ലാ ഭരണകൂടവും, പൊലീസും നേരത്തെ ന്യായീകരിച്ചിരുന്നു.